കൊച്ചി: സർക്കാർ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സാധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.സി.യുവിന് പുറത്ത് നിന്നാണ് മന്ത്രി രോഗിയെ കണ്ടത്. സഹോദരനുമായും ആശുപത്രിയിലെ മറ്റു കൂട്ടിരുപ്പുകാരുമായും സംസാരിച്ചു.
ഒരുപാട് പേരുടെ പരിശ്രമത്തിലൂടെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഈ ശസ്ത്രക്രിയ സാദ്ധ്യമായത്. സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സമർപ്പണമാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി പറഞ്ഞു.
300 ഓളം പൊലീസുദ്യോഗസ്ഥർ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾക്കായി പ്രവർത്തിച്ചു. ഇതിനായി കേരളം കൈകൾ കോർത്തു. പ്രിയപ്പെട്ട ആ മകൾ ആരോഗ്യവതിയായി ജീവിതത്തിലേക്ക് നടന്നു വരുന്നതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
2021 ഡിസംബറിലാണ് ആദ്യ ഓപ്പൺ ഹാർട്ട് സർജറി എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. അടിസ്ഥാന സൗകര്യം ക്രമീകരിക്കുന്നത് മുതൽ കെ സോട്ടോ ലൈസൻസ് നേടിയതുൾപ്പെടെ മന്ത്രി പരാമർശിച്ചു.
ഹൃദയം മാറ്റിവയ്‌ക്കലിന് നേതൃത്വം നൽകിയ ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോ പോൾ എന്നിവരുമായും മന്ത്രി സംസാരിച്ചു, ടി.ജെ. വിനോദ് എം.എൽ.എ, ഡി.എം.ഒ ഡോ. ഷീജ, കെ സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടർ ഡോക്ടർ നോബിൾ ഗ്രേഷ്യസ്, ആശുപത്രി സൂപ്രണ്ട് ഡോ. സഹിർഷാ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |