കൊച്ചി: വേനൽച്ചൂട് വർദ്ധിക്കുകയും ജലലഭ്യത കുറയുകയും ചെയ്‌തതോടെ പൈനാപ്പിളിന് തൂക്കവും വിലയും കുറയുന്നു. വരും മാസങ്ങളിലെ ചൂടിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ തണലൊരുക്കൽ ശ്രമത്തിലാണ് കർഷകർ. പൈനാപ്പിളിന്റെ വരവ് വാഴക്കുളം മാർക്കറ്റിൽ വർദ്ധിച്ചെങ്കിലും തൂക്കക്കുറവ് കർഷകർക്ക് ദോഷമായി.
ഡിസംബർ പകുതിയോടെ ആരംഭിച്ച ചൂടിന്റെ ആഘാതം പൈനാപ്പിൾ കൃഷിയെ ബാധിച്ചിട്ടുണ്ട്. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ പുതിയ രീതികൾ തേടുകയാണ് കർഷകർ. ഓലമടൽ കൊണ്ട് പന്തൽ പോലെ മറച്ചാണ് മുമ്പ് തണലൊരുക്കിയിരുന്നത്. ഓലമടലിലെ ഫംഗസ് ചെടിയെ ബാധിക്കുന്നതായി കണ്ടെത്തിയതോടെ ഉപയോഗം കുറഞ്ഞു. ചെലവ് കുറവെന്നതാണ് ഓലമടലിന്റെ ആകർഷണം.
ചെടികൾക്ക് മുകളിൽ വല വിരിക്കുന്നതാണ് ഏതാനും വർഷമായി തുടരുന്ന രീതി. പച്ചനിറമുള്ള പ്ളാസ്റ്റിക് വലകളാണ് ഉപയോഗിക്കുക. വില കൂടുതലാണെങ്കിലും വേനൽ തീരുമ്പോൾ മടക്കി സൂക്ഷിച്ച് അടുത്ത സീസണിലും ഉപയോഗിക്കാമെന്നതാണ് ആകർഷണം. പച്ചനിറമുള്ള വലയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ഇക്കുറി വെള്ള വലയും പരീക്ഷിക്കുന്നുണ്ട്. പച്ച വലകളെപ്പോലെ ചൂട് തടയാൻ വെള്ള വലയ്‌ക്ക് കഴിയുമോയെന്ന് പരീക്ഷിക്കുകയാണെന്ന് കർഷകർ പറയുന്നു.
ജലലഭ്യത കുറയുന്നു
വർദ്ധിക്കുന്ന ചൂട് നേരിടാൻ ചെടി നനയ്‌ക്കേണ്ടതും ആവശ്യമാണ്. ഉയർന്ന പ്രദേശങ്ങളിൽ ജലലഭ്യത കുറഞ്ഞത് കർഷകർക്ക് വിഷമം സൃഷ്ടിക്കുന്നുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോരങ്ങളിലാണ് ജലലഭ്യത കുറഞ്ഞത്. ഇത് നേരിടാൻ പടുതാക്കുളങ്ങൾ നിർമ്മിച്ച് വെള്ളം സംഭരിക്കുന്നതും കർഷകർ പരീക്ഷിക്കുന്നുണ്ട്. കുളത്തിൽ നിന്ന് പമ്പ് ചെയ്‌ത് ചെടികൾ നനയ്‌ക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ കനാലുകളിൽ വെള്ളം വേണ്ടത്ര ലഭിക്കാത്തതും പ്രതിസന്ധിയാണ്.
വലിപ്പമുണ്ട്, തൂക്കം കുറഞ്ഞു
വേനൽച്ചൂടിൽ പൈനാപ്പിളിന്റെ തൂക്കത്തിൽ കുറവുണ്ടായിട്ടുണ്ട്. ചൂടിൽ ജലാംശം കുറയുന്നതാണ് ഭാരം കുറയാൻ കാരണം. തൂക്കക്കുറവ് കർഷകരുടെ വരുമാനം കുറച്ചിട്ടുണ്ട്. വിളവിനെ വേനൽ സാരമായി ബാധിച്ചിട്ടില്ല. വലിപ്പമുള്ള പഴം ലഭിക്കുമെങ്കിലും തൂക്കക്കുറവുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വാഴക്കുളം മാർക്കറ്റിൽ പതിവുപോലെ പഴുത്ത പൈനാപ്പിൾ ധാരാളമായി എത്തുന്നുണ്ട്.
കർഷക പ്രശ്‌നങ്ങൾ
കിലോയ്‌ക്ക് കുറഞ്ഞത് 35 രൂപ കിട്ടണം
യൂറിയ വളത്തിന്റെ ക്ഷാമം തുടരുന്നു
കാലാവസ്ഥാ മാറ്റങ്ങൾ തിരിച്ചടിയാകുന്നു
പണിക്കാരുടെ കുറവും കൂലിക്കൂടുതലും
വില ഇന്നലെ (1 കിലോ)
ഗ്രീൻ സ്പെഷ്യൽ 34 രൂപ
ഗ്രീൻ 32 രൂപ
പഴം 35 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |