
വെള്ളറട: 69-ാമത് തെക്കൻ കുരിശുമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം കുരിശുമല സംഗമ വേദിയിൽ നടന്നു. എ.ഡി.എം ടി.കെ.വിനീതിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം എം.എൽ.എ. സി.കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തീർത്ഥാടന കേന്ദ്രം ഡയറക്ടർ മോൺ. ഡോ.വിൻസെന്റ് കെ.പീറ്റർ ആമുഖപ്രസംഗം നടത്തി.15മുതൽ 22വരെ ഒന്നാംഘട്ട തീർത്ഥാടനവും ഏപ്രിൽ 2,3 (പെസഹാ വ്യാഴം,ദുഃഖവെള്ളി) എന്നീ തീയതികളിൽ രണ്ടാംഘട്ട തീർത്ഥാടനവും നടക്കും.വിശുദ്ധ കുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണ് തീർത്ഥാടന സന്ദേശം.പൊലീസ്,എക്സൈസ്,ഫയർഫോഴ്സ്,ഗതാഗതം,മെഡിക്കൽ,വൈദ്യുതി,റവന്യു, ജലവിഭവം,പൊതുമരാമത്ത്,മോട്ടോർവാഹന വകുപ്പ്,ലേബർ ഓഫീസ്,ഭക്ഷ്യ സുരക്ഷവകുപ്പ്,ഗ്രാമ -ബ്ളോക്ക് -ജില്ലാ പഞ്ചായത്ത് എന്നീ വകുപ്പുകളുടെ മേധാവികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. റോഡ് അറ്റകുറ്റപണികൾ,കുടിവെള്ള വിതരണം,ട്രാഫിക്,വാഹന പാർക്കിംഗ് എന്നീ അടിയന്തര കാര്യങ്ങളും ചർച്ച ചെയ്തു. നെയ്യാറ്റിൻകര ഡിവൈ.എസ് പി.അനിൽകുമാർ പി,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജെ.ആർ.അഞ്‌ജന,നെയ്യാറ്റിൻകര തഹസിൽദാർ നന്ദകുമാരൻ, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് ഷീജാ വിൻസെന്റ്,ഫാ.ജെറാൾഡ് മത്യാസ് തുടങ്ങിയവർ സംസാരിച്ചു. ജയന്തി കുരിശുമല സ്വാഗതവും ഫാ.അരുൺ പി.ജീത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |