
തിരുവനന്തപുരം: ''പൊങ്കാലയ്ക്ക് എത്തുന്നവരുടെ മുന്നിൽ നമ്മുടെ മസ്ജിദുകളും വീടുകളുമെല്ലാം പൂർണമായും തുറക്കപ്പെടുന്ന സാഹചര്യം തീർച്ചയായും ഉണ്ടാകണം. കുടിവെള്ളവും റംസാൻ വിഭവങ്ങളുമെല്ലാം അവർക്ക് സമ്മാനിക്കണം. വിശ്രമിക്കാൻ സൗകര്യം ചെയ്‌തുകൊടുക്കണം''. 'കേരള സ്റ്റോറി 2' സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയുടെ ജുമാ പ്രഭാഷണത്തിലെ വാക്കുകൾ പൊതുസമൂഹം ഏറ്രെടുത്തത്.
''ഇസ്ലാമിൽ അതിഥിയോട് ആതിഥേയന് ചില ബാദ്ധ്യതകളുണ്ട്. വ്യത്യസ്ഥ വിശ്വാസമായാൽപ്പോലും പൊങ്കാലയ്ക്ക് എത്തുന്നവർ തലസ്ഥാന നഗരിയുടെ അതിഥികളാണ്. അതിഥികളുടെ കാര്യങ്ങൾ നോക്കാനുള്ള ബാദ്ധ്യത ആതിഥേയർക്കുണ്ട്.'' വി.പി.സുഹൈബ് മൗലവി 'കേരളകൗമുദിയോടു പറഞ്ഞു. റംസാൻ ആകുമ്പോൾ നോമ്പിന്റെ ഷെഡ്യൂളിലാണ് വിശ്വാസികൾ. അവർ വെള്ളം ശേഖരിക്കുന്നവരെ തടസപ്പെടുത്താൻ പാടില്ല. നോമ്പ് നോക്കുന്നവർക്ക് ഇതൊക്കെ ചെയ്യാമോ എന്ന ആശയക്കുഴപ്പമുണ്ടാകും അതൊഴിവാക്കാനാണ് ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യമെല്ലാം ഒരുക്കാൻ പറഞ്ഞത്. തിങ്കളാഴ്ച തന്നെ ഭക്തജനങ്ങളെത്തും. അവർക്ക് പള്ളിയിലെത്തിക്കഴിഞ്ഞാൽ നോമ്പുതുറ വിഭവം കഴിക്കാം. പാളയം പള്ളിയിൽ വെജിറ്റേറിയൻ കഞ്ഞിയാണ് തയ്യാറാക്കുന്നത്. കുടിവെള്ളം ശേഖരിക്കാം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഇമാം 2015ൽ തലസ്ഥാനത്തെത്തിയപ്പോഴാണ് ആറ്റുകാൽ പൊങ്കാല കാണുന്നതും അറിയുന്നതും.'' ''അന്ന് 'ശാന്തി സമിതി' എന്നൊരു കൂട്ടായ്മയുണ്ടായിരുന്നു. സൂസപാക്യം പിതാവാണ് അതിന്റെ രക്ഷാധികാരി. സുഗതകുമാരി ടീച്ചറും ഞാനും അതിലുണ്ടായിരുന്നു. പൊങ്കാലദിവസം സമിതിയുടെ നേതൃത്വത്തിൽ പാളയം ക്രിസ്‌ത്യൻപള്ളിയിൽ മോരും വെള്ളവും കൊടുക്കും. മുസ്ലിം പള്ളിയോടു ചേർന്ന് പുരോഗമന മുസ്ലിം വേദിയുടെ ആഭിമുഖ്യത്തിൽ പാനീയങ്ങളും കൊടുക്കാറുണ്ടായിരുന്നു. പാളയം പള്ളി മതസൗഹാർദ്ദ കേന്ദ്രമാണ്.''- അദ്ദേഹം പറഞ്ഞു.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ...
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ' എന്ന് കേരളത്തെക്കുറിച്ച് ദീർഘദർശനത്തോടെയാണ് ശ്രീനാരായണഗുരു പറഞ്ഞത്. ഇപ്പോഴും എപ്പോഴും അങ്ങനെതന്നെ മുന്നോട്ടുപോകണം. നാടിന്റെ വെളിച്ചമാണ് ഗുരു. നോമ്പ് ആരാധന മാത്രമല്ല പരസ്‌പര ഐക്യം പങ്കുവയ്ക്കൽ കൂടിയാണ്. വിശ്വാസികളുടെ നോമ്പിന്റെ മേന്മ സഹോദര സമുദായങ്ങൾക്കുകൂടി അനുഭവിക്കാനുള്ളതെന്നും ഇമാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |