
ആലുവ: ആലുവ മഹാശിവരാത്രി ആഘോഷത്തിന് ദിവസങ്ങൾ ശേഷിക്കെ മണപ്പുറത്ത് ഒരുക്കം തകൃതി. ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പ്രത്യേക വകുപ്പ് മേധാവികളുടെ യോഗം വിളിച്ചാണ് തയ്യാറെടുപ്പുകൾ. ഫെബ്രുവരി 15ന് മഹാശിവരാത്രി നാളിൽ മണപ്പുറത്ത് പത്ത് ലക്ഷത്തോളം പേർ എത്തുമെന്നാണ് കണക്കുകൂട്ടൽ. ബലിതർപ്പണ ഒരുക്കങ്ങൾ ദേവസ്വം ബോർഡും വ്യാപാരമേളയ്ക്ക് നഗരസഭയും നേതൃത്വം നൽകും. പെരിയാറിന്റെ മറുകരയിൽ അദ്വൈതാശ്രമത്തിലും ശിവരാത്രി ആഘോഷവും സർവമത സമ്മേളനവും നടക്കും. അദ്വൈതാശ്രമത്തിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
ദേവസ്വം ശുചീകരണം തുടങ്ങിയില്ല
അവലോകന യോഗം വിളിച്ച ദേവസ്വം ബോർഡ് ഇതുവരെ മണപ്പുറവും കടവും ശുചീകരിക്കുന്നതിന് നടപടിയാരംഭിച്ചിട്ടില്ല. മണപ്പുറം ക്ഷേത്രത്തിന്റെ അലങ്കാരവും തുടങ്ങിയിട്ടില്ല. താത്കാലിക ബലിത്തറ ലേലം മാത്രമാണ് കഴിഞ്ഞത്. അടുത്തഘട്ടം 31ന് നടക്കും. 130ഓളം ബലിത്തറകളുണ്ട്. ദേവസ്വം സ്ഥലത്ത് വ്യാപാര മേളയ്ക്ക് സ്റ്റാൾ അനുവദിക്കുന്നതിനും നടപടിയെടുക്കുന്നുണ്ട്. ദേവസ്വം ബോർഡിന് പണം ലഭിക്കുന്ന പ്രവൃത്തികൾക്ക് മാത്രമാണ് ആദ്യപരിഗണന. മണപ്പുറത്തെ വയറിംഗ് ജോലിക്ക് നേരത്തെ കരാറെടുത്തയാൾ കുറച്ച് ജോലികൾ ചെയ്തശേഷം ഒരു മാസത്തോളമായി തിരിഞ്ഞുനോക്കിയിട്ടില്ല. കരാറുകാരനെ കൊണ്ട് പണി പൂർത്തിയാക്കാൻ ദേവസ്വം ബോർഡും ഇടപെടുന്നില്ല.
ഹരിത ശിവരാത്രി
ശിവരാത്രിയാഘോഷം പൂർണമായും ഹരിതചട്ടം പാലിച്ചാകണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മണപ്പുറത്ത് ഉപയോഗിക്കുന്നില്ലെന്ന് നഗരസഭ ഉറപ്പാക്കണം. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിതരണവും തടയാൻ എക്സൈസ്-പൊലീസ് വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. പ്രത്യേക സ്ക്വാഡുകളെയും നിയോഗിക്കും.
സുരക്ഷയ്ക്ക് 1200 പൊലീസ്
സുരക്ഷയ്ക്കായി 1200 പൊലീസുകാരെ വിന്യസിക്കും. തർപ്പണ കടവുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകളും സ്‌കൂബ ഡൈവർമാരും സജ്ജമായിരിക്കും. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |