കൊച്ചി: അങ്കമാലി -ശബരി റെയിൽപ്പാതയ്‌ക്ക് എറണാകുളം ജില്ലയിലെ 152.05 ഹെക്‌ടർ ഉൾപ്പെടെ 305.71 ഹെക്‌ടർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. സ്ഥലം ഏറ്റെടുക്കലിനുള്ള ഓഫീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലാണ് 152.05 ഹെക്‌ടർ ഏറ്റെടുക്കുക. 39 കിലോമീറ്റർ ദൂരത്തെ സ്ഥലങ്ങൾ ഏറ്റെടുക്കാൻ 410 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്‌ടറും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ 119.89 ഹെക്‌ടർ വീതം സ്ഥലവും ഏറ്റെടുക്കുന്ന നടപടികൾ പുനരാരംഭിക്കാനാണ് ഭരണാനുമതി.
മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചതും ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതുമായ നടപടിയാണ് പുനരാരംഭിക്കുന്നത്. ശബരിപ്പാത പദ്ധതി മരവിപ്പിച്ചതിനെ തുടർന്നാണ് സ്ഥലം ഏറ്റെടുക്കലും നിലച്ചത്. അങ്കമാലി മുതൽ കാലടി വരെയാണ് സ്ഥലം ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കലിന് തുറന്ന രണ്ട് ഓഫീസുകളും പൂട്ടിയിരുന്നു. ഓഫീസ് പുനരാരംഭിക്കാൻ റവന്യൂ വകുപ്പ് തയ്യാറാക്കിയ നിർദ്ദേശം അടുത്ത മന്ത്രിസഭാ യോഗം അംഗീകരിക്കുമെന്നാണ് ലഭ്യമായ വിവരം.
ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ വർഷങ്ങൾക്ക് മുമ്പ് കല്ലിട്ട് രേഖപ്പടുത്തിയിരുന്നു. സ്ഥലം വിട്ടുകൊടുക്കാൻ ഉടമകൾ സന്നദ്ധത അറിയിച്ചതുമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വികസന പദ്ധതികൾക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിന് ഉയർന്ന വില നൽകും. ദേശീയപാതകളുടെ വികസനത്തിന് ഏറ്റെടുത്ത സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും വിപണിവില നൽകിയതിനാൽ മികച്ച വില ശബരിപാതക്ക് സ്ഥലം വിട്ടുനൽകുന്നവർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽവെയും നടപടികൾ ആരംഭിക്കും
സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ഉത്തരവ് പുറപ്പെടുവിക്കുകയും ഓഫീസുകൾ തുറക്കുകയും ചെയ്യുന്നതിന് പിന്നാലെ റെയിൽവെയും നടപടികൾ ആരംഭിക്കും. പാതയുടെ നിർമ്മാണത്തിനായി എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഓഫീസുകൾ പുനരാരംഭിക്കുമെന്നാണ് സൂചനകൾ.
1997 - 98ലെ റെയിൽവേ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ശബരിപാതയുടെ ഒന്നാംഘട്ടത്തിൽ, എട്ടു കിലോമീറ്റർ ദൂരത്തെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ നിർമ്മാണത്തിന്റെ 90 ശതമാനം പൂർത്തിയായിരുന്നു. ബാക്കി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതിനാൽ ആദ്യഘട്ടം മുതൽ വീണ്ടും നടപടി ആരംഭിക്കും.
സ്ഥലം ഏറ്റെടുക്കൽ ഓഫീസിന് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാബു പോൾ,
ജനറൽ കൺവീനർ,
ശബരി ആക്ഷൻ
കൗൺസിൽ ഫെഡറേഷൻ
എറണാകുളം ജില്ലയിലെ
സ്ഥലം ഏറ്റെടുക്കൽ
152.05 ഹെക്‌ടർ
410 കോടി രൂപ ചെലവ്
39 കിലോമീറ്റർ പാത
ആകെ ഏറ്റെടുക്കേണ്ട ഭൂമി
305.71 ഹെക്‌ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |