SignIn
Kerala Kaumudi Online
Saturday, 27 April 2024 6.40 AM IST

കോൽക്കളിയിൽ അരനൂറ്റാണ്ട്; അരങ്ങിൽ പാഠമായി കൃഷ്ണൻ ഗുരുക്കൾ

gurukal

കോൽക്കളിയിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ശിഷ്യസമ്പത്തിന്റെ ഉടമ

കാസർകോട്: വടക്കേമലബാറിന്റെ സ്വന്തം കലയായ കോൽക്കളിയിൽ പതിനെട്ടാം വയസിൽ പയറ്റിത്തെളിഞ്ഞ മടിക്കൈ എരിപ്പിൽ മൂന്ന് റോഡിലെ കെ.പി കൃഷ്ണൻ ഗുരുക്കൾക്ക് ഇന്ന് അറുപത്തിയെട്ട്. അന്നുതൊട്ട് ഒരു ചില്ലി പ്രതിഫലം പറ്റാതെ പരിശീലനരംഗത്ത് നിറഞ്ഞുനിൽക്കുന്ന ഗുരുക്കൾ ഇന്ന് ആണും പെണ്ണുമായി 2500ൽ അധികം ശിഷ്യസമ്പത്തിന്റെ ഉടമയാണ്.

മൂന്ന് തലമുറയിൽപ്പെട്ടവരെ കോൽക്കളി പഠിപ്പിച്ചിട്ടുണ്ട് കൃഷ്ണൻ ഗുരുക്കൾ. ഇവരിൽ പന്ത്രണ്ടുവയസുകാർ തൊട്ട് വീട്ടമ്മമാർ വരെയുണ്ട്. പതിനേഴാം വയസിൽ മലപ്പച്ചേരി വിഷ്ണുമൂർത്തി ക്ഷേത്രത്തിലാണ് കോൽക്കളി അരങ്ങേറ്റം നടത്തിയത്. മടിക്കൈ, കയ്യൂർ ചീമേനി, കിനാനൂർ കരിന്തളം പഞ്ചായത്തുകൾ, നീലേശ്വരം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ കോൽക്കളി അഭ്യസിച്ചിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം. പരമ്പരാഗത കോൽക്കളി പാട്ടുകൾക്ക് പുറമേ രാഷ്ട്രീയം, പൊതുകാര്യം, ആക്ഷേപ ഹാസ്യം എന്നിങ്ങനെ കളിക്ക് പറ്റിയ പാട്ടുകൾ എഴുതി അരങ്ങിൽ ആടിക്കാനും അസാമാന്യവൈഭവം തന്നെ ഇദ്ദേഹത്തിനുണ്ട്.കയ്യൂർ രക്തസാക്ഷികളെ സ്മരിച്ചു എഴുതിയ പാട്ട് ഇത്തരത്തിൽ പെട്ടതാണ്. ശ്രീനാരായണ ഗുരുദേവന്റെ കൃതികളെ ആസ്പദമാക്കി കോൽക്കളി അഭ്യസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹമിപ്പോൾ.

ആദ്യകാലങ്ങളിൽ സജീവമായിരുന്ന ഗുരുക്കന്മാരെല്ലാം അരങ്ങൊഴിഞ്ഞിട്ടും പ്രായത്തെ വെല്ലുന്ന സമർപ്പണബുദ്ധിയാണ് കൃഷ്ണൻ ഗുരുക്കളുടെ ഒരു പ്രത്യേകത. പുരുഷന്മാർ പൊതുവിൽ ഈ രംഗത്ത് നിന്ന് നിഷ്ക്രമിക്കുമ്പോൾ വനിതകളാണ് ഈ പാരമ്പര്യകലയെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് കൃഷ്ണൻ ഗുരുക്കൾ പറയുന്നു.

കുടുംബശ്രീയുടെ മഹത്വത്തെ കുറിച്ച് കോൽക്കളി പാട്ടുണ്ടാക്കി വനിതകളെ കോൽക്കളി പഠിപ്പിക്കുകയാണ് ഇപ്പോൾ കൃഷ്ണൻ ഗുരുക്കൾ.പ്രദേശത്തെ കുടുംബശ്രീ വാർഷിക യോഗങ്ങളിൽ കൃഷ്ണൻ ഗുരുക്കൾ പഠിപ്പിച്ച ശിഷ്യന്മാരുടെ കോൽക്കളി മുഖ്യഇനമായി മാറിയിട്ടുണ്ട്. മടിക്കൈ ബങ്കളം വാർഡിലെ പഞ്ചായത്ത് മെമ്പർ ബി.രാധയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം ഈ കൂട്ടത്തിൽപെടും.അഞ്ചു വർഷം ഷാർജയിൽ ആയിരുന്നപ്പോൾ അവിടെയും കോൽക്കളി ടീമിനെ ഉണ്ടാക്കിയിട്ടുണ്ട് കൃഷ്ണൻ ഗുരുക്കൾ. കൃഷിയും കോഴിഫാമുമാണ് ഉപജീവനമാർഗം. പതിമൂന്നോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഗുരുക്കൾ.മൂന്ന് കഥാപ്രസംഗവും രചിച്ചിട്ടുണ്ട്. മാധവിയാണ് ഭാര്യ. വിവാഹിതരായ ശ്രീകല, മിനി എന്നിവർ മക്കളാണ്.

മെയ്‌വഴക്കവും അഭ്യാസമുറകളും ചുവടുകളുടെ ആയാസവുമുള്ള കളി ആയതിനാൽ പുരുഷന്മാരെ പോലെ കഴിയില്ലെങ്കിലും കോൽക്കളി അഭ്യസിക്കുന്ന പെൺകുട്ടികൾ മുതൽ വീട്ടമ്മമാർ വരെയുള്ളവർ അത്ഭുതകരമായ മികവാണ് പുലർത്തുന്നത് .

-കൃഷ്ണൻ ഗുരുക്കൾ മടിക്കൈ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KRISHNAN GURUKAL STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.