SignIn
Kerala Kaumudi Online
Wednesday, 14 January 2026 3.18 PM IST

ഭഗവതിമാർ പൂരംകുളിച്ച് മാടം കയറി പൂരോത്സവത്തിന് ധന്യസമാപനം

Increase Font Size Decrease Font Size Print Page
photo

ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ പ്രസിദ്ധമായ വയലിൽ ആറാട്ട് ഇന്ന് നടക്കും.

പഴയങ്ങാടി/നീലേശ്വരം/തൃക്കരിപ്പൂർ : ദേശാധിപകളായ ഭഗവതിമാർ പൂരംകുളിച്ച് മാടം കയറിയതോടെ ഉത്തരമലബാറിലെ പൂരോത്സവത്തിന് ധന്യസമാപനം. ഇന്നലെ രാവിലെയും രാത്രിയിലുമായായിരുന്നു ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പൂരോത്സവചടങ്ങുകൾ നടന്നത്. പൂക്കൾ കൊണ്ട് ഒരുക്കിയ കാമദേവരൂപങ്ങളെ പ്ളാവിൻചുവട്ടിൽ സമർപ്പിച്ചതോടെ വീടുകളിലും തറവാട്ടുകളിലുമുള്ള മീനമാസത്തിലെ പൂരം പ്രമാണിച്ചുള്ള ചടങ്ങുകൾ സമാപിച്ചു.

ഉത്തര മലബാറിലെ ശാക്തേയ കാവുകളിൽ പ്രസിദ്ധമായ മാടായി ശ്രീ തിരുവർകാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരംകുളി ആറാട്ട് ഇന്നലെ രാവിലെ എട്ടരയോടെ ശ്രീ വടുകുന്ദ തടാകത്തിൽ നടന്നു. പുലർച്ച നാലുമണിക്ക് മാടായിപ്പാറയുടെ കിഴക്കേ ചരിവിലുള്ള തെക്കിനാക്കിൽ ദാരികൻ കോട്ടയിലേക്ക് ദേവി വിഗ്രഹവുമായി എഴുന്നള്ളത്ത് പുറപ്പെട്ടു. രാവിലെ ആറു മണിയോടെ മാടായി കാവിലമ്മയുടെ തിടമ്പ് ദാരികൻ കോട്ടയിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് വിവിധ പൂജകൾക്ക് ശേഷം അപ്പമേറും നടത്തി.പിന്നാലെ വിശേഷാൽ പൂജയും ഭക്തചാലിയ സംഘത്തിന്റ പൂരക്കളിയും നടന്നു. ക്ഷേത്രസന്നിധിയിൽ എത്തിയ ഭക്തജനങ്ങൾക്ക് പ്രസാദഊട്ടും ഒരുക്കിയിട്ടുണ്ടായിരുന്നു.

ഭക്തജനത്തിരക്ക് പരിഗണിച്ച് വിവിധ സംഘടനകൾ ദാഹം അകറ്റാൻ തണ്ണീർ പന്തലുകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. പതിനായിരങ്ങളാണ് പൂരംകുളി ദർശിക്കാൻ വടുകുന്ദ തടാക കരയിൽ എത്തിയത്.പൂരംകുളിക്ക് ശേഷം മഞ്ഞൾ കുറി നൽകി ഭക്തജനങ്ങൾക്ക് അനുഗ്രഹവും നൽകി. പഞ്ചവാദ്യങ്ങളുടെയും കൊടിക്കൂറയുടെയും അകമ്പടിയോടെ തിരിച്ച് എഴുന്നള്ളത്തും ക്ഷേത്രത്തിൽ വരവേൽപ്പും നടത്തിയതോടെ പൂരംകുളി മഹോത്സവത്തിന് സമാപനം കുറിച്ചു.

തളിയിലപ്പനെ കൂടിക്കണ്ടു,​കൂടിപ്പിരിഞ്ഞു

കാവിലമ്മ ചിറയിൽ പൂരംകുളിച്ച് മടങ്ങി

നീലേശ്വരം: ഉത്തരമലബാറിലെ മറ്റൊരു പ്രധാന ശാക്തേയ ക്ഷേത്രമായ നീലേശ്വരം ശ്രീ മന്നൻപുറത്ത് ഭഗവതിക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ സമാപനം കുറിച്ചുള്ള പൂരംകുളി കോവിലകം ചിറയിൽ ഇന്നലെ രാവിലെ നടന്നു.
രാവിലെ ആറരയ്ക്ക് വാദ്യാലങ്കാരത്തിന്റെയും തീവെട്ടിപ്രഭയുടെയും അകമ്പടിയോടെ സർവാഭരണ വിഭൂതിതയായ ദേവിയുടെ അലങ്കരിച്ച തിടമ്പ് കാവിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചു. കൊട്ടുമ്പുറത്ത് സമർപ്പണത്തിന് ശേഷം രാജാ റോഡിൽ കൂടി നേരെ തളിയിൽ ശിവക്ഷേത്രത്തിൽ. ഈ സമയത്ത് പാതയുടെ ഇരുവശങ്ങളിലുമായി വിളക്കുതെളിയിച്ച് നൂറുകണക്കിന് ഭക്തജനങ്ങൾ ദേവിയെ എതിരേറ്റു. തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ പ്രവേശിച്ച ഭഗവതി നീലകണ്ഠന്റെ തിടമ്പുമായി കൂടികാണുന്ന ചടങ്ങ് തുടർന്ന് നടന്നു.വൈകാരികതലമുണർത്തുന്ന കൂടിപ്പിരിയലിന് ശേഷം നേരെ കോവിലകത്തേക്ക്.ഇവിടെ നിന്ന് കോവിലകം ചിറയിൽ പൂരം കുളി. ഇവിടെ വിവിധ പൂജകൾ പൂർത്തിയാക്കി ദർശനം നൽകിയ ശേഷം ഇടുവിങ്കാൽ ദർശനം. പിന്നാലെ മാടം കയറൽ. തുലാഭാരത്തോട് കൂടിയാണ് മന്നൻ പുറത്ത് കാവിലെ ഈ വർഷത്തെ പൂരോത്സവത്തിന് സമാപനം കുറിച്ചത്.

നീലേശ്വരം പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം, പുതുക്കൈതായ ത്തറ ഭഗവതി ക്ഷേത്രം, കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രം, ചീർമ്മക്കാവ് ഭഗവതി ക്ഷേത്രം, നാഗച്ചേരി ഭഗവതി ക്ഷേത്രം, പുതിയ സ്ഥാനം ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്രം, പാലായി പാലാ കൊഴുവൽ ഭഗവതി ക്ഷേത്രം, കണിയാട തായത്തറ ഭഗവതി ക്ഷേത്രം കിനാനൂർ കണ്ണൻകുന്ന് ഭഗവതി ക്ഷേത്രം, കാരി മൂലപാടാർകുളങ്ങര ഭഗവതി ക്ഷേത്രം, കീഴ് മാലമൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രം, പുതിയ സ്ഥാനം, അണ്ടോൾ കുന്നുമ്മൽ ഭഗവതി ക്ഷേത്രം, അങ്കക്കളരി വേട്ടക്കൊരുമകൻ കൊട്ടാരം ഭഗവതിക്ഷേതം, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം, കയ്യൂർ മുണ്ടുക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിക്ഷേത്രങ്ങളിലും പൂരംകുളിയോടെ പൂരോത്സവത്തിന് സമാപനം കുറിച്ചു.

രാത്രി വൈകി പിലിക്കോട് ശ്രീ രയരമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെയും വിവിധ ഉപക്ഷേ ത്രത്തിലെയും ഭഗവതിമാരുടെ തിടമ്പിനോടൊപ്പം കരക്കക്കാവ് നടയിൽ സംഗമിച്ചും രയരമംഗലത്തു ഭഗവതിയും മുച്ചിലോട്ട് ഭഗവതിയും തീക്കുഴിച്ചാലിൽ വച്ച് മുഖാമുഖം കണ്ടുമുള്ള ഭക്തിനിർഭരമായ ചടങ്ങുകളും നടന്നു. ഏച്ചികുളങ്ങര ക്ഷേത്രത്തിലെ തിടമ്പുനൃത്തവും പൂരം കുളിയും തുടർന്ന് മടക്കം ആറാട്ട്, കൊട്ടും പുറം സേവയും കഴിഞ്ഞ് ഉത്രവിളക്കോടെ രയരമംഗലം ക്ഷേത്രത്തിലെ ഒരു മാസം നീണ്ടു നിന്ന പൂരോത്സവത്തിന് സമാപനം കുറിച്ചു. പിലിക്കോട് ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രം , രാമവില്യം കഴകം ,തുരുത്തി നിലമംഗലം കഴകം , ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം , കൊയോങ്കര പൂമാലക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ ക്ഷേത്ര കിണറുകളിലെ വെള്ളം കോരിയെടുത്താണ് പതിവു പോലെ പൂരംകുളിയുടെ അനുഷ്ഠാന ചടങ്ങുകൾ നടത്തിയത്.പയ്യക്കാൽ ഭഗവതി, കൂർമ്പക്കാവ് ഭഗവതി എന്നീ ക്ഷേത്രങ്ങളുടെ ചടങ്ങ് നടന്ന കുണിയൻ പുഴയോരത്തും പാടി പുഴക്കടവിലും പതിവിൽ കവിഞ്ഞ ജനാവലിയാണ് പൂരംകുളി കാണാനെത്തിയത്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.