
യോഗസ്ഥലത്തിന് വെളിയിൽ പ്രതിഷേധമുയർത്തി സി.പി.എം പ്രവർത്തകർ
കണ്ണൂർ:നഗരത്തിലെ റോഡുകൾ നന്നാക്കാത്തതും ചേലോറയിലെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടിയും ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഇടതു പ്രതിഷേധം. തുടക്കത്തിൽ തന്നെ ചേലോറ മാലിന്യ നിർമ്മാർജന കരാറിലെ ദുരൂഹത നീക്കുക,റോഡിലെ ശോചനീയാവസ്ഥ മേയർ വാക്ക് പാലിച്ചോ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ ഉയർത്തികാട്ടി കൂവലോടെയായിരുന്നു ഇടത് കൗൺസിലർമാർ പ്രതിഷേധം തുടങ്ങിയത്.
ഇതിൽ ചൊടിച്ച് ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് ഭരണപക്ഷം പ്രതിരോധത്തിനിറങ്ങി. ഇതിനിടയിൽ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് കൗൺസിൽ ഹാളിന് പുറത്ത് മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകരുമെത്തി.ഒറ്റയ്ക്ക് പ്രതിഷേധിക്കാൻ കഴിയാത്തത് കൊണ്ടാണ് പുറത്തുനിന്ന് ആളെ ഇറക്കിയതെന്നായിരുന്നു ഇതിനെ മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.ഇന്ദിര പരിഹസിച്ചത്. ഇതോടെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചിറങ്ങി. എന്നാൽ അധികം വൈകാതെ യോഗത്തിലേക്ക് അവർ തിരിച്ചുകയറുകയും ചെയ്തു.
മഴക്കാല പൂർവ്വ ശുചീകരണത്തിന് സർക്കാർ ഇതുവരെ ഫണ്ട് നൽകിയിട്ടില്ലെന്നും തനത് ഫണ്ടുപയോഗിച്ച് 55 ഡിവിഷനുകളിലും ശുചീകരണം നടത്തുമെന്നും മേയർ പറഞ്ഞു. സർക്കാർ ഫണ്ട് നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആ ശ്രമം നടക്കില്ലെന്നുമായിരുന്നു ഇതിന് എൽ.ഡി.എഫിലെ എൻ.സുകന്യയുടെ മറുവാദം. മേയ് അവസാനത്തോടെ സർക്കാർ തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്ത് യോഗം വിളിക്കാനിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
ചേലോറ മാലിന്യപ്രശ്നവും ഇടത് കൗൺസിലർമാർ യോഗത്തിൽ വിഷയമാക്കി. എന്നാൽ പ്രതിപക്ഷം പടച്ചു വിടുന്ന പോലെ ഭീകരമായ സാഹചര്യമില്ലെന്നായിരുന്നു പി.ഇന്ദിരയുടെ വാദം. മേയർ അഡ്വ.ടി.ഒ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ടി.രവീന്ദ്രൻ,സിയ്യാദ് തങ്ങൾ,എൻ.ഉഷ എന്നിവർ സംബന്ധിച്ചു.
വികസന ഫണ്ടിനായി കോടതിയെ സമീപിക്കും
തദ്ദേശസ്ഥാപനങ്ങൾക്ക് വികസന ഫണ്ട് ഇനത്തിൽ അനുവദിച്ച തുക തിരിച്ചെടുക്കുന്ന നയത്തിനെതിരേ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് കൗൺസിലർ മുസ് ലിഹ് മഠത്തിൽ പ്രമേയം അവതരിപ്പിച്ചു.ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം വന്നത് വിനിയോഗത്തെ സാരമായി ബാധിച്ചെന്നും ഇത് പരിഹരിക്കുന്നതിന് പദ്ധതിയുടെ നിർവഹണ കാലാവധി രണ്ടുമാസമെങ്കിലും നീട്ടുകയും പദ്ധതി തുക അടുത്തവർഷത്തേക്ക് ക്യാരി ഓവർ ചെയ്യുകയും ചെയ്യണമെന്നും കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
കോർപ്പറേഷനുളളിൽ ഉള്ളവർ തന്നെ കോർപ്പറേഷനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നത് നല്ലതല്ല. 80ശതമാനം ഫണ്ടും കോർപ്പറേഷൻ ഇതിനോടകം ചിലവാക്കിയിട്ടുണ്ട്.അമൃത് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കണ്ണൂർ കോർപ്പറേഷനാണ്.
അഡ്വ.ടി. ഒ. മോഹനൻ,കോർപ്പറേഷൻ മേയർ
മേയറും ഭരണ സമിതിയും ഏതൊ ഒരു സ്വപ്ന ലോകത്താണ്. മാർച്ച് 31 എന്ന ഒരു തീയതി ഉണ്ടെങ്കിൽ റോഡുകൾ നന്നാക്കുമെന്ന് മേയർ തന്നെയാണ് പറഞ്ഞത്.
എൻ.സുകന്യ ,എൽ.ഡി.എഫ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |