കണ്ണൂർ: സൗരപ്രഭയിൽ തിളങ്ങാൻ കാത്തുനിന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന് കെ. എസ്. ഇ.ബിയുടെ ഇരുട്ടടി. സൗരോർജ പാനൽ സ്ഥാപിക്കാൻ നൽകിയ 13.56 കോടിയിൽ മിച്ചം വന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകിയ വകയിൽ 5.5 കോടിയാണ് ലഭിക്കാനുള്ളത്. ജില്ലാപഞ്ചായത്തിന് കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളും സ്ഥാപനങ്ങളും സോളാർ പാനൽ സ്ഥാപിച്ച് ആവശ്യം കഴിച്ച് മിച്ചം വന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡ്ഡിൽ നൽകിയതിൽ ലഭിക്കാനുള്ളതാണ് ഇത്രയും തുക.
നിരന്തരമായ കത്തിടപാടും മറ്റും കെ. എസ്. ഇ.ബിയുമായി ജില്ലാ പഞ്ചായത്ത് അധികൃതർ നടത്തിയെങ്കിലും ഒരു ചില്ലിക്കാശ് പോലും ഇതുവരെ കിട്ടിയില്ല.ഇന്ന്, നാളെ എന്ന രീതിയിൽ മറുപടി നീണ്ടുപോകുന്നുവെന്നാണ് ജില്ലാപഞ്ചായത്ത് അധികൃതരുടെ പരാതി. സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി ആവശ്യം പൂർണമായി സൗരോർജത്തിലൂടെ നിർവഹിക്കാൻ കഴിയുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രതീക്ഷിച്ചിരുന്നത്. മിച്ചം വന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് കൈമാറുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് വരുമാനവും ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ജില്ലാ പഞ്ചായത്തിന്റെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട കോടികളാണ് ഇപ്പോൾ കിട്ടാക്കടമായി നിൽന്നത്.
52 സ്കൂളുകളിലും ആറ് സ്ഥാപനങ്ങളിലും
ഒന്നാം ഘട്ടത്തിൽ 23 സ്‌കൂളിലും ആറ് സ്ഥാപനങ്ങളിലുമാണ് സൗരോർജ പാനലുകൾ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തിൽ 29 സ്‌കൂളിലും സോളാർ വൈദ്യുതിയായി.ആദ്യഘട്ടത്തിൽ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും സൗരോർജ പാനൽ സ്ഥാപിക്കാൻ 5.5 കോടിയാണ് കെ.എസ്.ഇ.ബിക്ക് ജില്ലാപഞ്ചായത്ത് അടച്ചത്. രണ്ടാം ഘട്ടത്തിൽ 29 സ്‌കൂളുകളിൽ സൗരോർജ പാനൽ സ്ഥാപിക്കാൻ 2.74 കോടിയും നൽകി. 450 കിലോവാട്ട് വൈദ്യുതിയായിരുന്നു ഉൽപാദന ലക്ഷ്യം.
കരിവെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ സോളാർ പാനലിന് പ്രതിദിനം 30 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കൻ ശേഷിയുണ്ട്. 28 സ്‌കൂളുകളിൽ 15 കിലോവാട്ട് വീതം ശേഷിയുള്ള പാനലാണ് സ്ഥാപിച്ചത്.
മൂന്നാംഘട്ടത്തിൽ 19 സ്‌കൂളുകളിലാണ് സൗരോർജ പാനൽ സ്ഥാപിക്കുന്നത്. ഇതിനായി രണ്ട് കോടിയാണ് കെ.എസ്.ഇ.ബിയിൽ ഇതിനകം അടച്ചത്. നാലാംഘട്ടത്തിൽ അവശേഷിക്കുന്ന സ്‌കൂളിലും സോളർ നിലയം സ്ഥാപിക്കും. ഇതിനായി 2.82 കോടി നൽകി.
യൂണിറ്റിന് 2.94 രൂപ ഇൻസെന്റീവ്
കെ.എസ്.ഇ.ബി ഗ്രിഡിന് നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് 2.94 രൂപയാണ് ഇൻസെന്റീവ്. സ്‌കൂളുകളുടെ ഭാരിച്ച വൈദ്യുതി ചാർജ് ഒഴിവാകുന്നുവെന്നതാണ് പ്രധാന നേട്ടം. 6.50 രൂപ നിരക്കിലായിരുന്നു വിദ്യാലയങ്ങളുടെ വൈദ്യുതി ബില്ല്. വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് അക്ഷയ ഊർജമാതൃക വ്യാപകമാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |