കാഞ്ഞങ്ങാട്: വിഷു വിപണിയിൽ തരംഗമായിരിക്കുകയാണ് കൃത്രിമ കണിക്കൊന്ന. വിഷു ആഘോഷത്തിന് ഏറ്റവും ആവശ്യം കണിക്കൊന്നയാണെന്ന തിരിച്ചറിവാണ് ഈ പുഷ്പത്തെ കൃത്രിമമായി ഉണ്ടാക്കി വിപണിയിൽ എത്തിക്കാൻ വ്യാപാരികൾക്ക് പ്രേരണയായത്. കാഞ്ഞങ്ങാട്ടെ ഒട്ടുമിക്ക ഫാൻസി വ്യാപാര കേന്ദ്രങ്ങളിൽ മാല മാലയായി തൂക്കിയിട്ട കണിക്കൊന്ന കാണാം.
പരിസ്ഥിതി സൗഹൃദമായ പ്രത്യേക തരം തുണിത്തരങ്ങൾ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. കോഴിക്കോട്, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ വിപണിയിലെത്തുന്നത്. കാഞ്ഞങ്ങാട്ടെ മൊത്ത വിതരണ കടകളിലാണ് ഇവ വിൽപ്പനയ്‌ക്കെത്തിയത്. ഇലയോടു കൂടിയ ഒരു ശാഖയ്ക്ക് 80 മുതൽ 85 രൂപ വരെ വിലയുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ആഴ്ചകൾക്ക് മുമ്പ് തന്നെ കണിക്കൊന്ന വിരിഞ്ഞു തുടങ്ങിയിരുന്നു. വിഷുവിന് ഇനിയും ദിവസമുള്ളതിനാൽ വിരിഞ്ഞ പൂക്കൾ ആവശ്യത്തിന് ഉപയോഗിക്കാനായില്ലെങ്കിൽ പകരം ഈ കണിക്കൊന്നകൾ ഉപയോഗിക്കാമെന്നത് ആശ്വാസമാണ്. വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കാനും പലരും വാങ്ങിക്കൊണ്ടു പോകുന്നുണ്ടെന്ന് നഗരത്തിലെ കടയുടമ ബോബൻ പറഞ്ഞു. ബസുകളുൾപ്പെടെയുള്ള വാഹനങ്ങളിലും കണിക്കൊന്നകൾ തൂങ്ങിക്കിടക്കുന്ന കാഴ്ച ആകർഷകമാണ്. ഉപഹാരമായി നൽകാനും പലരും വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |