മാലൂർ: ആരും ശ്രദ്ധിക്കാതെ പോകുന്ന കരിയിലകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് വിസ്മയിപ്പിക്കുകയാണ് മാലൂർ ശിവപുരം പാങ്കുളത്തെ ശ്രീജേഷ് . ചിത്രകലയിൽ അസാമാന്യമികവുള്ള ഈ നിർമ്മാണതൊഴിലാളിയുടെ കൈയിൽ എത്തുന്ന ഇലകളിൽ ഏതാനും വരകളും കുറികളും ബ്ലേഡു കൊണ്ടുള്ള പോറലുകളും കഴിയുമ്പോൾ മഹാത്മാഗാന്ധി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ രൂപം കൊള്ളുകയായി.
കൊവിഡ് കാലത്ത് വിരസത അകറ്റാനായി പരീക്ഷിച്ച ലീഫ് ആർട്ടാണ് ഇപ്പോൾ ആളുകളുടെ മനം കവരുന്നത്. ആഞ്ഞിലി മരത്തിന്റെ ഉണങ്ങിയ ഇലകൾ 15 മിനുട്ട് വെള്ളത്തിൽ കുതിർത്ത് പാകപ്പെടുത്തിയ ശേഷം അതിൽ പേന കൊണ്ട് ചിത്രം വരയ്ക്കുന്നതാണ് ആദ്യപടി. പിന്നീട് ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മതയോടെ ചിത്രങ്ങൾ വെട്ടിയെടുക്കും. ഗാന്ധിജി, ഡോ.എ.പി.ജെ.അബ്ദുൾ കലാം, മദർ തെരേസ, സ്വാമി വിവേകാനന്ദൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ.ശൈലജ എം.എൽ.എ, കെ.എസ്.ചിത്ര, കലാഭവൻ മണി, കവി അയ്യപ്പൻ, പൃഥ്വിരാജ്, തുടങ്ങി വ്യത്യസ്ത മേഖലകളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ് ശ്രീജേഷിന്റെ കരവിരുതിൽ വിരിഞ്ഞത്. ഹെലി കോപ്ടറിൽനിന്ന് മഞ്ഞുമലകളിലേക്ക് പാരച്യൂട്ട് വഴി ഇറങ്ങുന്ന സൈനികരുടെ യുദ്ധസന്നാഹവും യോഗാദിനത്തിന്റെ ഭാഗമായുള്ള സൂര്യ നമസ്കാരത്തിന്റെ വിവിധഘട്ടങ്ങളും ശ്രീജേഷിന്റെ കരവിരുത് ഉജ്വലമാക്കിയിട്ടുണ്ട്.
കെ.കെ.ശൈലജക്കും മുഖ്യമന്ത്രി പിണറായി വിജയനും താൻ വരച്ച ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കാൻ അവസരം ലഭിച്ചതായി ശ്രീജേഷ് പറയുന്നു. പേപ്പർ ക്രാഫ്റ്റിലും ചുമർ ചിത്രകലയിലും കഴിവ് തെളിയിച്ച ശ്രീജേഷ് തന്റെ 150 ഓളം വരുന്ന ലീഫ് ആർട്ടുകളുടെ പ്രദർശനവും നടത്താൻ ഒരുങ്ങുകയാണിപ്പോൾ. പെൻസിലും പേനയുമുപയോഗിച്ച് വരച്ച ചിത്രങ്ങളേക്കാൾ ആളുകൾക്ക് കൗതുകം പകരുന്നവയാണ് ലീഫ് ആർട്ട് എന്ന് ശ്രീജേഷ് പറയുന്നു. ഇലയിൽ ഒരു ചിത്രം നിർമ്മിക്കുന്നതിന് ആറുമണിക്കൂറോളം സമയമെടുക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് ചിലപ്പോൾ കൂടുതൽ സമയമെടുക്കും. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കാര്യമായ പ്രതിഫലമൊന്നും ലഭിക്കാറില്ലെന്നും ശ്രീജേഷ് പറയുന്നു. ശിവപുരം പാങ്കുളം വീട്ടിൽ കോട്ടായി രാമന്റെയും കാരായി സരോജിനിയുടെയും മകനാണ്. ശ്രീലത, ശ്രീജ തുടങ്ങിയവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |