കണ്ണൂർ: കണ്ണൂർ നഗരത്തിലെ മുഴത്തടം, താണ, തായത്തെരു, കണ്ണാത്തുംചാൽ പ്രദേശത്ത് തെങ്ങോലപ്പുഴുവിന്റെ ആക്രമണത്തിൽ കേരകർഷകരുടെ പ്രതീക്ഷകൾ കരിഞ്ഞുണങ്ങുന്നു. ഇതിനകം ആയിരക്കണക്കിന് തെങ്ങുകൾ കരിഞ്ഞുണങ്ങി. പുഴുക്കളെ നിയന്ത്രിക്കാൻ കാർഷിക വകുപ്പിനേയും കണ്ണൂർ കോർപ്പറേഷനേയും ബന്ധപ്പെട്ടെങ്കിലും പരിഹാരമാർഗമുണ്ടായില്ല. ആക്രമത്തെ പ്രതിരോധിക്കാനുള്ള മരുന്ന് ലഭ്യമല്ലെന്ന മറുപടിയാണ് അവർ നൽകുന്നത്. ഓരോ ദിവസം കഴിയും തോറും അക്രമം കാഠിന്യവും വ്യാപ്തിയും കൂടുകയാണ്.
മിത്രകീടങ്ങളെയിറക്കിയിട്ടും രക്ഷയില്ല
ഏതാനും മാസങ്ങൾക്ക് മുമ്പ് നീലേശ്വരം കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് കാർഷിക വകുപ്പു മുഖേന ലഭ്യമാക്കിയമിത്ര പ്രാണികളെ പുഴുക്കളെ നിയന്ത്രിക്കാൻ ഇറക്കിയെങ്കിലും ഫലം കണ്ടിട്ടില്ല.തെങ്ങുകളിൽ മിത്ര കീടങ്ങളെ നിക്ഷേപിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇവ പറന്നു പോയി. ഇതോടെ വീണ്ടും പുഴു ആക്രമം വർദ്ധിച്ചു. പിന്നാലെ പുഴുവിന്റെ ആക്രമണം തൊട്ടടുത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചു. പ്രദേശം മുഴുവനായി കൃഷി മിത്ര കീടങ്ങളെ നിക്ഷേപിച്ചാൽ മാത്രമേ ഇവയെ പ്രതിരോധിക്കാനാകുവെന്നാണ് കാർഷിക വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അത്രയും അളവിൽ ഇവയെ ലഭ്യമല്ലെന്നാണ് നീലേശ്വരം കാർഷിക ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മിത്രകീടങ്ങൾ
തെങ്ങോലപ്പുഴുവിനെ തുരത്തി നാളികേര കൃഷി കൂടുതൽ ആദായകരമാക്കാനാണ് മിത്രകീടങ്ങളെ ഉപയോഗിക്കുന്നത്. ബ്രൈക്കോണിഡ്, ഗോണിയോസിസ് എന്നിങ്ങനെ വ്യത്യസ്ത മിത്രകീടങ്ങളുണ്ട്. ടെസ്റ്റ്യൂബുകളിലാക്കി നൽകുന്ന ഇവയെ തെങ്ങുകളിലേക്ക് കയറ്റി വിടുകയാണ് ചെയ്യേണ്ടത്. ഇവ തെങ്ങോലപ്പുഴുവിന്റെ മുട്ടകളിൽ മേൽ മുട്ടയിട്ട് പെരുകും.
തെങ്ങോലപ്പുഴു
തെങ്ങിന്റെ ഉത്പാദനശേഷിയെ സാരമായി ബാധിക്കുന്ന കീടം. ശാസ്ത്ര നാമം നെഫാന്റിസ് സെറി നോവ്. കേരളത്തിലെ കായലോരങ്ങളിലേയും തീരപ്രദേശങ്ങളിലേയും തെങ്ങുകളിലാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കൂടുതൽ.തെങ്ങിലെ പ്രായം കൂടിയ ഓലകളിൽ പെൺശലഭം ഒരു പ്രാവശ്യം നൂറ്റിമുപ്പതോളം മുട്ടകൾ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാർന്നു തിന്നുന്നു. ക്രമേണ ഓലകൾ ഉണങ്ങിക്കരിഞ്ഞു തുടങ്ങുന്നു.സിൽക്കുനൂലും വിസർജന വസ്തുക്കളും മറ്റും ചേർത്ത് നിർമ്മിക്കുന്ന കുഴൽക്കൂടുകളിലാണ് ഇവ ജീവിക്കുന്നത്. വേനൽക്കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതൽ. പുഴുവിന്റെ ആക്രമണം ഏറ്റവും പ്രായംകൂടിയ ഓലയിലാണ് ആരംഭിക്കുന്നതെങ്കിലും ക്രമേണ മുകളിലുള്ള ഓലകളിലേക്കും ഇതു വ്യാപിക്കുന്നു. ഇത് തെങ്ങിന്റെ ഉത്പാദനശേഷിയെ കാര്യമായി ബാധിക്കും.
രോഗബാധയെ തുടർന്ന് തെങ്ങുകളൊക്കെ ഉണങ്ങി. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടവും വരുത്തുന്നു. വീട്ടാവശ്യത്തിന് പോലും തേങ്ങകൾ ലഭ്യമാകുന്നില്ല പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം -അഡ്വ. കെ.എൽ അബ്ദുൽ സലാം, പി.കെ ഇസ്മത്ത്, ലസിത പ്രസാദ്, അഡ്വ.മുഹമ്മദ് ജാഫർ , ബി.ലതേഷ്(മുഴത്തടം റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |