കണ്ണൂർ: ജനകീയ ഇടപെടലുകൾക്ക് പുതിയ വേദികളൊരുക്കാൻ ജനകീയാരോഗ്യ സമിതിയുമായി സി.പി.എം. ഔഷധ വിതരണ, വിപണന രംഗത്തും ആരോഗ്യ മേഖലയിലും ഇടപെടുന്ന വിവിധ സംഘടനകളെ പാർട്ടി നേതൃത്വത്തിൽ ഒരുമിപ്പിച്ച് രൂപീകരിക്കുന്നതാണ് ജനകീയാരോഗ്യ സമിതി.
ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ആരോഗ്യ ഔഷധ മേഖലയിൽ സജീവമായി ഇടപെടണമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം സംസ്ഥാന തലത്തിൽ ആലോചനാ യോഗം ചേർന്നാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയംഗം എം.വി ജയരാജനെയാണ് പാർട്ടി തുടർപ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എൻ.ജി.ഒ യുണിയൻ, കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ, കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ, കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ഫാർമസിസ്റ്റ് അസോസിയേഷൻ തുടങ്ങി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇടത് അനുകൂല സംഘടനകളെ കൂട്ടിയോജിപ്പിച്ചാണ് ജനകീയാരോഗ്യ സമിതി പ്രവർത്തിക്കുക.
സംഘടന പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കൺവൻഷൻ ചേരും. ആദ്യ ജില്ലാ കൺവൻഷൻ ഡിസംബർ 29ന് കണ്ണൂരിൽ നടക്കും. ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് മരുന്ന് വിതരണ രംഗത്തെ ചൂഷണം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ദേശീത തലത്തിൽ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും. വർഷങ്ങൾക്കു മുൻപ് ഇത്തരത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും പ്രവർത്തന രഹിതമാകുകയായിരുന്നു. ഇത്തരത്തിൽ പ്രവർത്തനം മരവിച്ച സംഘടനകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ സി.പി.എം ആരംഭിച്ചുവരികയാണ്. അടുത്തിടെ വയോധികരുടെ സംഘടന പുനരുജ്ജീവിപ്പച്ചത് അതിന്റെ ഭാഗമായാണ്.
സീനിയർ സിറ്റിസൺസ് വെൽഫെയർ അസോ.
വയോധികർക്കായി സി.പി.എം. 2006ൽ തന്നെ സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടന രജിസ്റ്റർ ചെയ്തിരുന്നു. അഞ്ചു സംസ്ഥാന സമ്മേളനങ്ങൾ നടത്തിയെങ്കിലും സംഘടന സജീവമായിരുന്നില്ല. നിലവിൽ വീണ്ടും സംഘടന പുനഃസംഘടിപ്പിച്ച് എല്ലാ ജില്ലകളിലും കൂടുതൽ യൂണിറ്റ്, വില്ലേജ്, മേഖലാ കമ്മിറ്റികൾ രൂപവത്കരിച്ച് കഴിഞ്ഞയാഴ്ച കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടത്തി. നിലവിൽ രണ്ടുലക്ഷം പേർ സംഘടനയിലുണ്ട്. വയോജനങ്ങൾക്ക് ആരോഗ്യപരിരക്ഷ അടക്കമുള്ള ആനുകൂല്യങ്ങൾ നേടിക്കൊടുക്കുക, വിനോദത്തിനും വരുമാനത്തിനും അവസരമുണ്ടാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. കേരളത്തിൽ ഇപ്പോൾ 62 ലക്ഷം വയോജനങ്ങളുണ്ടെന്നാണ് കണക്ക്. അതിൽ 20 ലക്ഷം പേർക്കേ വ്യക്തമായ വരുമാനമാർഗമുള്ളൂ. ബാക്കിയുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾ നടത്തുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |