കണ്ണൂർ : പാർട്ടി സെക്രട്ടേറിയേറ്റ് യോഗത്തിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയുമായ പി.കെ. ശ്രീമതി. വാർത്ത അടിസ്ഥാന രഹിതമാണെന്ന് പി.കെ. ശ്രീമതി പറഞ്ഞു. സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, സെക്രട്ടേറിയേറ്റ് ചേരുന്ന സമയത്ത് കേരളത്തിൽ ഉണ്ടെങ്കിൽ പങ്കെടുക്കാൻ വിരോധമില്ല . സംസ്ഥാന നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ തടസമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സൃഷ്ടിച്ച വാർത്തയാണിത്. പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായോ എന്ന് സംശയിക്കുന്നുവെന്നും ശ്രീമതി വ്യക്തമാക്കി. പ്രവർത്തന കേന്ദ്രം ഡൽഹിയാണ്. ഗോവിന്ദൻ മാഷ് പറഞ്ഞതാണ് ശരിയെന്നും അവർ പറഞ്ഞു.
പി.കെ,. ശ്രീമതിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയല്ല പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. പികെ ശ്രീമതി സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു. എന്നാൽ 75 വയസ് പിന്നിട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. റിട്ടയർ ചെയ്തു എന്ന് പറയാൻ പറ്റില്ല. മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായി പ്രവർത്തിക്കുകയാണ്. അഖിലേന്ത്യ തലത്തിൽ പ്രവർത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നൽകി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിന്റെ സംഘടന പ്രവർത്തനത്തിൽ പങ്കെടുക്കാനല്ല. അഖിലേന്ത്യ തലത്തിൽ പ്രവർത്തിക്കുന്നതിന് വേണ്ടിയാണ്'- ഗോവിന്ദൻ പറഞ്ഞു.
പികെ ശ്രീമതിക്ക് കേരളത്തിലെ സിപിഎമ്മിന്റെ അസാധാരണ വിലക്ക് എന്ന രീതിയിലായിരുന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്നായിരുന്നു വാർത്ത. കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചെന്നും കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാടെടുത്തത് എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഇതേത്തുടർന്ന് വെള്ളിയാഴ്ചത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ പികെ ശ്രീമതി പങ്കെടുത്തില്ല. എന്നാൽ ശനിയാഴ്ച നടന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാനത്ത് പ്രത്യേകം ചുമതലകൾ നൽകാറുണ്ട്. എന്നാൽ പികെ ശ്രീമതിക്ക് അത്തരത്തിൽ ഒരു ചുമതലയും നൽകേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |