SignIn
Kerala Kaumudi Online
Thursday, 18 July 2024 6.46 AM IST

മുഖ്യമന്ത്രിയുടേയും സി.പി.എം സെക്രട്ടറിയുടേയും മണ്ഡലങ്ങളിലും സുധാകരന്റെ തേരോട്ടം

udf

മുഖ്യമന്ത്രിയുടെ ധർമ്മടത്ത് എൽ.ഡി.എഫിന് നാമമാത്ര ലീഡ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും മണ്ഡലങ്ങളിലൂടെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരൻ നടത്തിയത് പടയോട്ടം. കണ്ണൂർ മണ്ഡലത്തിൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ ഇടത് കോട്ടകളിലെ വിള്ളൽ പ്രത്യക്ഷമായിരുന്നു. പോസ്റ്റൽ വോട്ടുകളും അസന്നിഹിത വോട്ടുകളും എണ്ണുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജന് ലീഡുണ്ടായിരുന്നു.

എന്നാൽ വോട്ടിംഗ് മെഷീനിലിലെ വോട്ട് എണ്ണാനാരംഭിച്ചതു മുതൽ യു.ഡി.എഫ്. കുതിപ്പായിരുന്നു. ഒരു ഘടത്തിലും കെ.സുധാകരന് വെല്ലുവിളി ഉയർത്താൻ എം.വി.ജയരാജന് സാധിച്ചില്ല. ആദ്യ മൂന്ന് റൗണ്ടിൽ സുധാകരൻ ലീഡ് 26,729 ലേക്ക് ഉയർത്തി. 2019ൽ ആദ്യ മൂന്ന് റൗണ്ടിൽ സുധാകരന്റെ ലീഡ് 24,480 വോട്ടായിരുന്നു. ഇതിൽ രണ്ടായിരത്തിലേറെ വർദ്ധനവ് ഉണ്ടാപ്പോൾ തന്നെ ഇടതുക്യാമ്പ് അപകടം മണത്തു. വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപവും സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ് പരസരത്തും തമ്പടിച്ച സി.പി.എം. പ്രവർത്തകർ അതോടെ നിരാശരായി. മണ്ഡലം ഉഴുതു മറിച്ച പ്രചാരണം നടത്തിയിട്ടും കെ. സുധാകരന് വെല്ലുവിളിയുയർത്താൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.

ജില്ലാസെക്രട്ടറിയെ ഇറക്കിയിട്ടും രക്ഷയില്ല

ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങിയ സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.പാർട്ടിയിലും മുന്നണിയിലും ഉരുണ്ടുകൂടിയ എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് വീണ്ടും കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ വിജയംവരിച്ചത്. എക്സിറ്റ് പോളുകളും സുധാകരനിൽ സംശയം പ്രകടിപ്പിച്ചിരുന്നു. 2014ൽ കേവലം 6566 വോട്ടുകൾക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് അന്നത്തെ സിറ്റിംഗ് എം.പിയായ സുധാകരന് മണ്ഡലം നഷ്ടമായത്. അന്ന് പി.കെ.ശ്രീമതിക്കായിരുന്നു ജയം. ഒരിക്കൽ കൂടി അതുപോലെ വിജയം കൈവിടുമോ എന്ന ആശങ്ക യു.ഡി.എഫിൽ ഇത്തവണ കലശലായി ഉണ്ടായിരുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചും 2021ൽ എൽ.ഡി.എഫിനെയാണ് തുണച്ചത്.


ആരോപണങ്ങൾ,പഴികൾ,

സുധാകരൻ എപ്പോൾ വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോയേക്കാമെന്ന പ്രതീതി ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ സൃഷ്ടിക്കാൻ സി.പി.എം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഇത് സുധാകരനെ ന്യൂനപക്ഷത്തിൽനിന്ന് അകറ്റുമെന്നും തോൽപിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. തുടക്കത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും പിൻവലിയലും അണികൾക്കിടയിൽ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. പ്രചാരണവാഹനത്തിൽ വെച്ച് തന്നെ ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള ചോദ്യവും പതിവ് രീതിയിലുള്ള ഉരുളക്കുപ്പേരി മറുപടി പോലും വിവാദമായി. എന്നാൽ, അവസാന ലാപ്പിൽ പ്രവർത്തകർ സജീവമായി. മുസ്ലിം ലീഗ് പ്രവർത്തകരും രണ്ടും കൽപിച്ച് ഗോദയിലിറങ്ങിയതോടെയാണ് യു.ഡി.എഫ് ക്യാമ്പ് ശക്തമായത്.

കണ്ണൂരിലും മിന്നിച്ച് ബി.ജെ.പി

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സി രഘുനാഥ് എൻ.ഡി.എ സ്ഥാനാർത്ഥിയായത് യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന തരത്തിലുള്ള പ്രചാരണവും ആദ്യം തൊട്ടുണ്ടായിരുന്നു. കോൺഗ്രസിന്റെ വലിയൊരു ശതമാനം വോട്ട് ഈ രീതിയിൽ എൻ.ഡി.എയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായി. എന്നാൽ കോൺഗ്രസിനെ ഇത് ബാധിച്ചില്ലെങ്കിലും ബി.ജെ.പിക്ക് രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം നേട്ടമായി. മണ്ഡലത്തിൽ ബി.ജെ.പി ആദ്യമായി ഒരു ലക്ഷം വോട്ടിലേറെ നേടി . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.കെ.പത്മനാഭന് 68,509 വോട്ട് മാത്രമായിരുന്നു നേടാനായത്.


ഉറ്റു നോക്കിയ മണ്ഡലം

ജനവിധി എന്ത് തന്നെ ആയാലും അത് സംസ്ഥാനത്തെ കോൺഗ്രസിനെയും സി.പി.എമ്മിനെയും ബാധിക്കുമെന്നതിനാൽ എല്ലാവരും ഉറ്റുനോക്കിയിരുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ ലോക് സഭാ മണ്ഡലം. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം. പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ മരണവും യു.ഡി.എഫിന് കിട്ടിയ മികച്ച രാഷ്ട്രീയ ആയുധമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.