കണ്ണൂർ: തളിപ്പറമ്പിൽ മൂന്നുപേർ മരിക്കുകയും നാനൂറോളം പേരെ രോഗികളാക്കുകയും ചെയ്ത മഞ്ഞപ്പിത്തവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ആകെ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. മറ്റ് നഗരങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധമാണോയെന്നാണ് ഓപ്പറേഷനിലൂടെ ഉദ്ദേശിക്കുന്നത്.
തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസുകളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കും. ജില്ലയിലെ നഗരങ്ങളിലെ നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ളസ്രോതസ്സുകൾ കുടിക്കാൻ യോഗ്യമാണോ എന്ന് പരിശോധിക്കും. അത്തരം കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണതിനായി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും.
തളിപ്പറമ്പിൽ ഉറവിട പരിശോധന തുടരുന്നു
തളിപ്പറമ്പിലെ മഞ്ഞപ്പിത്ത പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള ഉറവിട പരിശോധനയും ബോധവത്കരണവും ഊർജിതമായി തുടരുന്നു. മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പതോളം വാർഡുകൾ കേന്ദ്രീകരിച്ചു 400 ഓളം വീടുകൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശ പ്രവർത്തകർ എന്നിവർ സന്ദർശിച്ചു. രോഗികളുള്ള വീടുകളിൽ രോഗ പകർച്ച തടയുന്നതിനുള്ള നിർദേശങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പിയുഷ് എം.നമ്പൂതിരിപ്പാട് ആരോഗ്യ വകുപ്പിന്റെ മഞ്ഞപ്പിത്ത നിയന്ത്രണ പരിപാടികൾ വിലയിരുത്തി.
പച്ച മഞ്ഞയാക്കരുത്
പച്ച വെള്ളം കുടിക്കുന്ന ശീലം മാറ്റാൻ പച്ചയിൽ നിന്നു മഞ്ഞയാകാൻ അധിക സമയം വേണ്ടെന്ന പ്രചരണമാണ് ജനങ്ങൾക്കിടയിൽ ആരോഗ്യവകുപ്പ് നടത്തുന്നത്.നഗരങ്ങളിലുൾപ്പെടെയുള്ള കടകളിൽ നിന്നും മറ്റും ലൈം, ജ്യൂസ്, ഐസ്, എന്നീ പാനീയങ്ങൾ ഉണ്ടാക്കുന്നത് തിളപ്പിച്ച് ആറ്റിയ വെള്ളത്തിലോ ബി പ്ലസ്, അൾട്രാ വയലറ്റ് ഫിൽറ്റർ (യു.വി ഫിൽറ്റർ) വെള്ളത്തിലോ ആയിരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം.
* നഗരങ്ങളിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളെ കുറിച്ചും അന്വേഷിക്കും
* കിണറുകൾ ശുദ്ധീകരിക്കാൻ ജനവരി ആദ്യം ക്ലോറിനേഷൻ വാരം
* കുടിവെള്ളം വിതരണം ചെയ്യുന്ന അഞ്ചു ഏജൻസികൾ കൂടി നിരീക്ഷണത്തിൽ
മഞ്ഞപ്പിത്ത വ്യാപനം ഒഴിവാക്കാൻ നിർദ്ദേശങ്ങൾ
ഭക്ഷണത്തോടൊപ്പം നൽകുന്ന കുടിവെള്ളത്തിന്റെ ചൂട് കുറക്കാൻ പച്ച വെള്ളം കലർത്തരുത്.
ഹെൽത്ത് കാർഡുകൾ ഇല്ലാതെ ജീവനക്കാരെ ഹോട്ടലുകളിൽ അനുവദിക്കില്ല
വീടുകളിലെ കിണർ വെള്ളത്തിൽ ഇ കോളി സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം
ജനുവരി ഒന്ന് മുതൽ ഏഴ് വരെ കുടിവെള്ള സ്രോതസ്സുകളിൽ ക്ളോറിനേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |