നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ പൊള്ളലേറ്റവരുടെ തുടർചികിത്സ ആശങ്കയിൽ. അപകടം നടന്ന ദിവസം മുതൽ രണ്ടുമാസത്തെ ചികിത്സാസഹായം അനുവദിക്കണമെന്നാണ് സർക്കാർ കാസർകോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.ചിലവ് സംബന്ധിച്ച് ജില്ലാ കളക്ടർ സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ മറുപടിയാണ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരെ ആശങ്കാകുലരാക്കിയിരിക്കുന്നത്.
പൊള്ളലേറ്റ പലർക്കും മാസങ്ങളോളം തുടർ ചികിത്സ വേണ്ടിവരുമെന്നും ആശുപത്രി വിട്ട ശേഷമുള്ള ഇവരുടെ തുടർചികിത്സാചിലവുകൾ എങ്ങനെ നടത്തുമെന്ന കാര്യത്തിൽ വ്യക്തത തേടിയാണ് ജില്ലകളക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിരുന്നത്. ഇതിന്റെ മറുപടിയിലാണ് അപകടം നടന്ന രണ്ട് മാസം വരെയുള്ള ചികിത്സചിലവുകൾ ജില്ലാ ഭരണകൂടം മുഖാന്തരം ചിലവിടണമെന്ന് സർക്കാർ നിർദ്ദേശിച്ചത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മടങ്ങിയ ഭൂരിപക്ഷം പേർക്കും തുടർ ചികിത്സ വേണ്ട സാഹചര്യത്തിൽ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നതാണ് ഇവരെ അലട്ടുന്നത്.
പുതിയ ഉത്തരവ് ഇറങ്ങണം
തുടർ ചികിത്സയ്ക്കുള്ള ചിലവ് നൽകണമെങ്കിൽ സർക്കാർ പുതിയ ഉത്തരവ് ഇറക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബർ 28ന് രാത്രി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ ആറുപേരാണ് മരിച്ചത്. 154 പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ് സ്പെഷാലിറ്റി ആശുപത്രിയിൽ ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവുകളും സർക്കാർ ഏറ്റെടുത്തിരുന്നു. അപകടത്തിൽ പരിക്കുപറ്റിയവർക്ക് വലിയ ആശ്വാസമായിരുന്നു.അപകടത്തിൽ മരിച്ച ആറുപേരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം ആശ്വാസസഹായം നൽകിയിരുന്നു. എസ്.എൻ.ഡി.പി യോഗം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |