മട്ടലായി( കാസർകോട്): ദേശീയപാത നിർമ്മാണത്തിനായി കുന്നുകൾ വ്യാപകമായി ഇടിച്ചു കടത്തുന്നത് വിനാശകരമാകുമെന്ന് 'കേരള കൗമുദി' 2024 ആഗസ്റ്റിൽ തന്നെ ചൂണ്ടിക്കാണിച്ചതാണ്.വീരമല കുന്നും മട്ടിലായി കുന്നും ഇടിച്ചു നിരത്തുന്നത് വൻദുരന്തത്തിൽ കലാശിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
ഇന്നലെ അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ കലാശിച്ച കുന്നിടിച്ചിൽ ഇതിൽ അവസാനിക്കില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ അടക്കം ചൂണ്ടിക്കാട്ടുന്നത്. എത്ര കടുത്ത വേനലിലും വറ്റാത്ത ജലസ്രോതസ് ആണ് ഇവിടത്തെ വയലും കുന്നുകളും. കുന്നിന്റെ അകത്ത് നീരൊഴുക്ക് ശക്തമാണ്. കാലവർഷം ശക്തിപ്പെട്ടാൽ ജലബോംബ് പോലെ വെള്ളം പുറത്തേക്ക് തള്ളും. ടെക്നിക്കൽ ഹൈസ്ക്കൂൾ നിലനിൽക്കുന്ന സ്ഥലത്തിന്റെ അടിയൊന്നാകെ തള്ളി പുറത്തേക്ക് വന്നാൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ സിമന്റും കോൺക്രീറ്റ് മിശ്രിതവും ചേർത്തുള്ള പുതിയ സാങ്കേതിക വിദ്യയും താരതമ്യേന ഉയരം കുറഞ്ഞ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും അടക്കം തകർന്നടിയുമെന്നുറപ്പാണ്.
'കുളിയൻ കുന്ന് ഇടിഞ്ഞുവരും"
ഞങ്ങളുടെയൊന്നും അറിവിൽ ഇത്രയും മണ്ണെടുത്ത നാളുകൾ ഉണ്ടായിട്ടില്ലെന്നും മുകളിലെ കുളിയൻ കുന്ന് ഇടിഞ്ഞുവരുമെന്ന് ഉറപ്പായി. ആ കുന്നും ഇടിഞ്ഞാൽ എല്ലാം തീരുമെന്നും സമീപത്ത് താമസിക്കുന്ന 70 വയസ്സായ വീട്ടമ്മ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് മരണപ്പെട്ട കുന്നിടിച്ചൽ ദുരന്തമുണ്ടായ സ്ഥലത്തിന് അമ്പത് മീറ്റർ വടക്കുമാറി താമസിക്കുന്ന കുന്നിടിച്ചൽ ഭീഷണിയിൽ ഭയന്നുകഴിയുന്ന രമേശന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ കേരളകൗമുദി വെളിച്ചത്തു കൊണ്ടുവന്നപ്പോഴാണ് വരാൻ പോകുന്ന ദുരന്തം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അതിന് ശേഷം മണ്ണെടുപ്പ് തടയുമെന്ന് പറഞ്ഞു നാട്ടുകാർ രംഗത്തുവന്നിരുന്നു. കുന്നിന്റെ മുകളിൽ ബാനറും സ്ഥാപിച്ചിരുന്നു. 'കേരള കൗമുദി' വാർത്തയെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് അനുവദിച്ചതിലും കൂടുതൽ മണ്ണെടുത്തുവെന്ന് കാണിച്ചു അന്നത്തെ കാസർകോട് ജില്ലാ ജിയോളജിസ്റ്റ് കെ.കെ.വിജയ മണ്ണെടുപ്പ് തടഞ്ഞിരുന്നു. എട്ട് മാസം മുമ്പ് ഈ ഉദ്യോഗസ്ഥ സ്ഥലംമാറിപോയി. അതിന് ശേഷം ഞാണംങ്കൈ ലിങ്ക് റോഡിന്റെ പേരിൽ കുന്ന് മുഴുവൻ ഇടിക്കാൻ തുടങ്ങി. രമേശന്റെ വീടിന് മുകളിലെ കുന്ന് മുഴുവൻ ഇടിച്ചുകടത്തി. ദേശീയപാതയുടെ പേരിൽ എടുത്ത മണ്ണ് മുഴുവൻ സ്വകാര്യമായി പുറത്തേക്കും കടത്തി. യാതൊരു നിയന്ത്രണവും ഇല്ലാതെ കുന്ന് മുഴുവൻ തുരന്നെടുക്കാൻ തുടങ്ങിയതോടെയാണ് ശക്തമായി ഇടിച്ചിൽ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |