തിരുവനന്തപുരം: സൗരയൂഥത്തിൽ ഒളിച്ച ഛിന്നഗ്രഹത്തി കണ്ടെത്തി അഭിമാനനെറുക താണ്ടുകയാണ് പതിനഞ്ചുകാരൻ അഭിമന്യു കൃഷ്ണ. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ കീഴിൽ ചെറുഗ്രഹങ്ങളെ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്ന മൈനർ പ്ലാനറ്റ് സെന്റർ (എം.പി.സി) അഭിമന്യുവിന്റെ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആറുവർഷം കഴിഞ്ഞ് ഛിന്നഗ്രഹത്തിന് അഭിമന്യു പേരിടും. തിരുവനന്തപുരം, കുമാരപുരം സ്വദേശിയായ അഭിമന്യു ലയോള സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്.
ലോകപ്രശസ്തമായ ഹവായിയിലെ പാൻ സ്റ്റാർസ് ടെലസ്കോപ്പിൽ നിന്ന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബൊറേഷൻ (ഐ.എ.എസ്.സി) ശേഖരിച്ച ബഹിരാകാശ ചിത്രങ്ങളിൽ നിന്നാണ് അഭിമന്യു ഛിന്നഗ്രഹത്തെ (ആസ്ട്രോയ്ഡ്) കണ്ടെത്തിയത്. ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമുള്ള ചിത്രത്തിന്റെ ഓരോ ഗ്രിഡും ആസ്ട്രോമെട്രിക്ക സോഫ്റ്റ്‌വെയറിലൂടെ ഓൺലൈനിൽ നിരീക്ഷിക്കുകയായിരുന്നു. 2024 മേയിൽ തുടങ്ങിയ നിരീക്ഷണം 2025 ജൂണിലാണ് പൂർത്തിയായത്. അഭിമന്യു കണ്ടെത്തിയ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മുതിർന്ന ശാസ്ത്രജ്ഞർ വരും ദിവസങ്ങളിൽ നിരീക്ഷിക്കും.
ശാസ്ത്രജ്ഞനാകാൻ മോഹം
ടോയ് ടെലസ്കോപ്പിലൂടെ ആകാശക്കാഴ്ച ആസ്വദിക്കലായിരുന്നു കുട്ടിക്കാലം മുതൽ അഭിമന്യുവിന്റെ വിനോദം. ഫിസിക്സാണ് ഇഷ്ടവിഷയം. ശാസ്ത്രജ്ഞനാവാനാണ് മോഹം. നാസയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബൊറേഷന്റെ ആസ്ട്രോയ്ഡ് സെർച്ച് ക്യാമ്പയിനിൽ അഭിമന്യു പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് ഛിന്നഗ്രഹത്തെ കണ്ടെത്താൻ പരിശീലിച്ചത്. ഈറോട് സി.എസ് അക്കാഡമിയിലെ വി. ശാലിനിയും സഹായിച്ചു. അച്ഛൻ ജെ. കൃഷ്ണകുമാർ (ഐ.ടി ജീവനക്കാരൻ, ബംഗളൂരു), മിനു (കോളേജ് ഒഫ് ആർക്കിടെക്ചറിലെ അസിസ്റ്റന്റ് പ്രൊഫസർ).
മങ്ങിയ നിറമുള്ള ഛിന്നഗ്രഹം
മാർസിനും ജൂപ്പിറ്ററിനും ഇടയിലാണ് ആസ്ട്രോയ്ഡ് ബെൽറ്റ്
ഛിന്നഗ്രങ്ങൾക്ക് ചിത്രങ്ങളിൽ മങ്ങിയ നിറമായിരിക്കും
ഇവയിൽ പലതും നേരത്തെ കണ്ടെത്തപ്പെട്ടവയുമാകും
ഏകാഗ്രതയോടെ നോക്കിയാലേ പുതിയവ കണ്ടെത്താനാകൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |