ഇരിട്ടി:ആറളം ഫാം പുനരധിവാസമേഖലയിലെ ആറ് ബ്ളോക്കുകളിലെയും മുഴുവൻ വീടുകളിലും രണ്ടുവർഷത്തിനുള്ളിൽ ഒരു സംരംഭം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്റെയും ആറളം കുടുംബശ്രീ പട്ടികവർഗ പ്രത്യേകപദ്ധതിക്ക് തുടക്കമായി. വിവിധ ഉപജീവനപദ്ധതികളുടെ വിതരണത്തോടെയാണ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ നിർവഹിച്ചത്.
ഉപജീവന പദ്ധതികൾക്കായി 25 ലക്ഷം രൂപ ചെലവിൽ നാല് കിയോസ്‌ക്കുകൾ, ഒൻപത് സംരംഭകർക്ക് തയ്യിൽ മെഷീൻ, 26 സംരംഭകർക്ക് നാല് വീതം ആടുകൾ, 30 സംരംഭകർക്ക് പോത്ത് കുട്ടി, 20 സംരംഭകർക്ക് കോഴിയും കൂടും എന്നിവയാണ് നൽകിയത്.
സംരംഭങ്ങളുടെ നടത്തിപ്പിനായി മുഴുവൻ ബ്ലോക്കുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകർക്ക് പരിശീലനവും ക്ലാസ്സുകളും നൽകും. ആറളം ഫാമിൽ കുടുംബശ്രീയുടേതായി 55 സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരള എക്‌സൈസ് വിമുക്തി മിഷനുമായി ചേർന്ന് ആറളം മേഖലയിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ പി.എസ്.സി പരിശീലനവും നൽകുന്നുണ്ട്.
വളയഞ്ചാലിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് അദ്ധ്യക്ഷതയിലാണ് പരിപാടി നടന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി.ജയൻ, ആറളം സ്‌പെഷ്യൽ പ്രൊജക്ട് കോ ഓർഡിനേറ്റർ പി.സനൂപ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.വിജിത്, മിനി ദിനേശൻ, സുമ ദിനേശൻ, സി ഷൈജു, നിതീഷ് കുമാർ, രമ്യ രാഘവൻ, സിന്ധു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
സംരംഭങ്ങൾ വിവിധ മേഖലകളിൽ
കാർഷിക മേഖല, സ്വയം തൊഴിൽ, ചെറു സംരംഭങ്ങൾ, തേൻ കൃഷി, കേരള ചിക്കൻ ഫാം, പുൽ തൈലം യൂണിറ്റ്, കുട നിർമാണ യൂണിറ്റ്, പുസ്തക നിർമാണ യൂണിറ്റ്, വളം നിർമാണം, വിത്തുൽപാദനം, ചെറു ധാന്യ കൃഷികൾ, ആഭരണ നിർമാണം, ആയുർവേദ മരുന്ന് യൂണിറ്റ്, തനതു ഭക്ഷ്യ വിഭവങ്ങളുമായി ആറളം സ്‌പെഷ്യൽ കാറ്ററിംഗ് യൂണിറ്റ്, മുട്ടക്കോഴി വളർത്തൽ, പന്നി പരിപാലനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |