കണ്ണൂർ: പ്രമേഹനിയന്ത്രണം മുതൽ വേദനസംഹാരി വരെ, 39 വർഷത്തെ പരീക്ഷണങ്ങളിലൂടെ തേനിൽ നിന്ന് പുതിയ സോപ്പും എണ്ണയും സൃഷ്ടിക്കുകയാണ് ഇരിക്കൂർ പടിയൂർ കല്ലുവയലിലെ തേനീച്ച കർഷകൻ. തേനീച്ച വളർത്തലിന്റെ പാരമ്പര്യ രീതികൾ മറികടന്ന്, ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ പുതിയ പാതകൾ തേടുകയാണ് പാരിക്കൽ രാജൻ (57) എന്ന തേനീച്ച കർഷകൻ.
പ്രമേഹം നിയന്ത്രിക്കാനും ശരീരവേദനകൾ അകറ്റാനും സഹായിക്കുന്ന തേനും തേൻ മെഴുകും അടിസ്ഥാനമാക്കിയുള്ള സോപ്പും എണ്ണയും വികസിപ്പിച്ചെടുത്ത് പേറ്റന്റിനായി കാത്തിരിക്കുകയാണ് ഈ കർഷകൻ. ഏറ്റവും പുതിയ പരീക്ഷണഫലമാണ് പ്രമേഹം നിയന്ത്രിക്കാനും ശരീര വേദനകൾ ശമിപ്പിക്കാനും സഹായകമായ സോപ്പും എണ്ണയും. തേനിന്റെയും തേൻമെഴുകിന്റെയും അനുബന്ധ ഉത്പന്നങ്ങൾ സമന്വയിപ്പിച്ച് ഉണ്ടാക്കിയ ഈ ഉത്പന്നങ്ങൾക്ക് അസാധാരണമായ ഔഷധഗുണങ്ങളുണ്ട്.
പേറ്റന്റ് ലഭിക്കേണ്ടതിനാൽ സോപ്പിന്റെയും എണ്ണയുടെയും പൂർണമായ ചേരുവകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പേറ്റന്റ് സ്വന്തമാക്കുന്നതോടെ ഈ വിപ്ലവകരമായ ഉത്പന്നങ്ങൾ വിപണിയിലെത്തുമെന്ന് രാജൻ ഉറപ്പ് നൽകുന്നു. ഭാര്യ പ്രീതയുടെയും മക്കളായ അനന്ദ് രാജിന്റെയും നന്ദന രാജിന്റെയും പൂർണ സഹകരണം രാജനുണ്ട്.
പ്രതിസന്ധിയിൽനിന്ന് പ്രത്യാശയിലേക്ക്
39 വർഷത്തെ നീണ്ട യാത്രയിൽ രാജൻ നേരിട്ടത് അസംഖ്യം വെല്ലുവിളികളും പരാജയങ്ങളും. എന്നാൽ ഒരോ തോൽവിയും അദ്ദേഹത്തിന് പുതിയ പാഠങ്ങളും പ്രചോദനവും നൽകി. 1992ലെ ആ ദുഃസ്വപ്ന നാളുകൾ ഇന്നും രാജന്റെ ഓർമ്മയിൽ പച്ചയായി നിലനിൽക്കുന്നു.
തായ് സാഖ് ബ്രൂഡ് എന്ന വൈറസ് രോഗം പടർന്നുപിടിച്ചപ്പോൾ, തേനീച്ചകൾ കൂട്ടത്തോടെ ചത്തുവീണു. നിസ്സഹായരായ കർഷകർ കടക്കെണിയിലും കണ്ണീരിലുമായി. എന്നാൽ രാജൻ, രോഗം ബാധിച്ച കോളനിയിൽ നിന്നുതന്നെ പുഴുമൊട്ടുകൾ ശേഖരിച്ച്, അവ സൂക്ഷ്മമായി പഠിച്ച്, രോഗപ്രതിരോധശേഷി ഉള്ള തേനീച്ച കോളനികൾ വികസിപ്പിച്ചെടുത്തു. ഈ കണ്ടെത്തൽ, സംസ്ഥാനത്തെ തേനീച്ച കർഷകരുടെ രക്ഷയ്ക്ക് വഴിയൊരുക്കി. ഈ മുന്നേറ്റം കൃഷി വകുപ്പിന്റെയും ശാസ്ത്രസമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി.
പ്രമേഹ സോപ്പിന്റെ പ്രത്യേകതകൾ
1. ചർമത്തിലെ ഈർപ്പം നിലനിർത്താൻ അത്യുത്തമം.
2. പഞ്ചസാരയുടെ അംശം സോപ്പിന് കൂടുതൽ പതയും മൃദുലതയും നൽകുന്നു.
3. മികച്ച ആന്റിഓക്സിഡന്റായും പ്രവർത്തിക്കുന്നു.
4. തേനീച്ച മെഴുക് സോപ്പിന് കൂടുതൽ ഉറപ്പും ദീർഘായുസ്സും നൽകുന്നു.
5. രാസവസ്തുക്കൾ ഇല്ലാത്തതിനാൽ ആരോഗ്യകരമായ ചർമസംരക്ഷണം
കൃഷിക്കാരൻ എന്നും കൃഷിക്കാരനായി മാത്രം നിന്നാൽ വിജയിച്ച് മുന്നോട്ടുപോകുക പ്രയാസമാണ്. ഈ തിരിച്ചറിവോടെയാണ് മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്ക് തിരിഞ്ഞത്
രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |