കണ്ണൂർ: മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ യാത്രയയപ്പ് യോഗത്തിനിടെ നടത്തിയ അധിക്ഷേപത്തിന് പിന്നാലെ ജീവനൊടുക്കിയ മുൻ എ.ഡി.എം നവീൻ ബാബുവിനെ വിയോഗനാളിൽ മറന്ന് ഭരണാനുകൂല സംഘടനകൾ. ഒന്നാം ചരമവാർഷികത്തിൽ നവീൻബാബു അംഗമായിരുന്ന ഭരണകക്ഷി അനുകൂല സംഘടന പോലും അനുസ്മരണപരിപാടി സംഘടിപ്പിക്കാതെ നിസ്സംഗതയിലായിരുന്നു.
സഹപ്രവർത്തകനെ അനുസ്മരിക്കാൻ കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ പോലും മുന്നോട്ടുവന്നില്ലെന്നതും ശ്രദ്ധേയമായി. അതേ സമയം കളക്ടറേറ്റ് പരിസരത്ത് യൂത്ത് കോൺഗ്രസ്, എൻ.ജി.ഒ അസോസിയേഷൻ എന്നിവ സംയുക്തമായി അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു. ബി.ജെ.പി കളക്ടറേറ്റിന് മുന്നിൽ നവീൻ ബാബുവിന്റെ ഛായാചിത്രം സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി.
ബി.ജെ.പി നടത്തിയ അനുശോചന യോഗത്തിൽ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ പി.പി. ദിവ്യയുടെ നാവാണ് നവീൻ ബാബുവിനെ കൊന്നതെന്ന് ആരോപിച്ചു. ദിവ്യയെ സ്വർണപ്പാളികൊണ്ട് പൊതിയാനാണ് സിപിഎം നീക്കമെന്നും വിനോദ്കുമാർ പരിഹസിച്ചു.
എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി.അബ്ദുള്ളയാണ് ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജും ഉദ്ഘാടനം ചെയ്തു.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഭരണാനുകൂല സംഘടനയിൽപെട്ടവർ വലിയരീതിയിൽ പ്രതിഷേധം ഉയർത്തിയിരുന്നു.സോഷ്യൽമീഡിയയിലും മറ്റും വലിയ പ്രതികരണങ്ങളാണ് അന്ന് ഉയർന്നത്.എന്നാൽ ഒരു വർഷം കഴിഞ്ഞ് ആ ഓർമ്മകൾ ഉദ്യോഗസ്ഥർ തന്നെ മറക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |