തലശ്ശേരി: തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനം കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയടി നേടി പ്രേക്ഷകപുരസ്‌കാരം, നെറ്റ്പാക് പുരസ്‌കാരം, ജൂറി പ്രൈസ് എന്നിവ നേടിയ ഫെമിനിച്ചി ഫാത്തിമ. ഫാസിൽ മുഹമ്മദ് തിരക്കഥയും സംവിധാനവും രചിച്ച ഒരു നർമ്മപ്രധാനമായ ഈ സ്ത്രീപക്ഷ ചിത്രം 100 മിനിറ്റിൽ രാഷ്ട്രീയത്തെ ഒട്ടും സങ്കുചിതമല്ലാതെ ആക്ഷേപഹാസ്യത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിൽ വിശ്വസിക്കുന്ന കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം പുരുഷാധിപത്യ സമൂഹം എങ്ങനെ സ്ത്രിയുടെ ജീവിതം ദുസ്സഹമാക്കുന്നതെന്ന് വരച്ചുകാട്ടുന്നു.
പൊന്നാനിയിലെ ഒരു സാധാരണ കുടുംബത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് കേന്ദ്ര കഥാപാത്രം. തന്റെ ജീവിതം കുടുംബത്തെയും കുട്ടികളെയും ചുറ്റിപറ്റി ഒതുങ്ങുമ്പോൾ യാഥാസ്ഥികാനായ ഭർത്താവിന്റെ കർശന നിയന്ത്രണങ്ങളും സിനിമയിൽ കാണാം. പന്ത്രണ്ടുകാരനായ മകൻ കിടക്കയിൽ മൂത്രമൊഴിക്കുന്നതും ആ കിടക്ക മോശമാവുന്നതിലൂടെയുമാണ് കഥ മുന്നോട്ട് പോവുന്നത്. കിടക്ക മാറ്റാനുള്ള ഫാത്തിമയുടെ ആവശ്യം ഭർത്താവായ അഷ്റഫ് തടയിടുന്നു. ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത കിടക്ക കൊണ്ട് പറയുന്ന രാഷ്ട്രീയം വലുതാണ്. അതിന് വേണ്ടിയുള്ള ഫാത്തിമയുടെ പ്രവർത്തനങ്ങളാകട്ടെ ഏറെഹാസ്യം നിറഞ്ഞതാണ്.അതെസമയം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു സ്ത്രീയുടെ പ്രതിഷേധമായും ഇത് മാറുന്നു. സ്ത്രീവിരുദ്ധ ചിന്താഗതികൾ തച്ചുടച്ച് ലളിതമായ ഭാഷയും അതിലേറെ മനോഹരമായ തിരക്കഥയും കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും കൊണ്ട് ചിത്രം മനോഹര അനുഭവമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |