
കൊച്ചി: വൈറ്റില ഹബ്ബിന് സമീപം കാർ യാത്രക്കാരായ അഭിഭാഷകയെയും ഭർത്താവിനെയും മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സ്വകാര്യബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ജോലി ചെയ്യുന്ന ബസും കസ്റ്റഡിയിലെടുത്തു.
എറണാകുളത്ത് സർവീസ് നടത്തുന്ന സുൽത്താന ബസിലെ ജീവനക്കാരൻ കൊടുങ്ങല്ലൂർ മേത്തല ആനപ്പുഴ കൊച്ചുപുരയ്ക്കൽ വീട്ടിൽ അനുരാജ് കെ. പ്രദീഷ്‌കുമാറിനെയാണ് (22) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹബ്ബിന് സമീപം കാർ പിന്നോട്ടെടുക്കുന്നതിനിടെ സ്വകാര്യബസിന് മർഗതടസമുണ്ടായതിൽ പ്രകോപിതനായിട്ടാണ് കാർ യാത്രക്കാരായ ദമ്പതികളെ പ്രതി കയ്യേറ്റം ചെയ്തതത്.
അഭിഭാഷകയുടെ ഭർത്താവിനെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു. തടസം പിടിക്കാനെത്തിയ അഭിഭാഷകയെ പിടിച്ചുതള്ളുകയും പച്ചയോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അഭിഭാഷകയുടെ പരാതിയിൽ മരട് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കേസിൽ ബസ് ഡ്രൈവറും പ്രതിയാണ്.
ഇന്നലെ വൈറ്റില ഹബ്ബിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മറ്റ് സ്വകാര്യബസ് ജീവനക്കാരെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് മരട് സ്റ്റേഷനിലെ നാല് കേസുകളിൽ പ്രതിയാണ്. സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ് ഇയാൾ ജീവനക്കാരെ മർദ്ദിക്കുന്നത്. മരട് എസ്.എച്ച്.ഒ ബി. സന്തോഷ്‌കുമാർ, എസ്.ഐ സാന്റേ, ജി.എസ്.ഐമാരായ ജെൻഷു, എ.വി.വിനോദ്, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒ മെൽവിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |