
അരൂർ: ദേശീയപാതയിലെ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ- തുറവൂർ ഭാഗത്ത് തന്റെ ശരീരത്തിലേക്ക് ചെളിവെള്ളം തെറിപ്പിച്ചതിന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ യുവാവ് അരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലപ്പുഴയിൽ നിന്ന് തോപ്പുംപടി വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഡ്രൈവർക്കെതിരെയാണ് മെഡിക്കൽ റെപ്രസെന്ററ്റീവായ പാണാവള്ളി അറക്കൽ വീട്ടിൽ അനിൽകുമാർ പരാതി നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെ അനിൽകുമാർ, ജോലിക്ക് പോകുന്നതിനായി ബൈക്കിൽ അരൂർ വില്ലേജ് ഓഫീസിന് മുന്നിലെത്തിയപ്പോൾ, ഇടത് വശത്തുകൂടെ അതിവേഗത്തിൽ പാഞ്ഞ ബസ് കുഴിയിൽ കയറി ചെളി തെറിപ്പിക്കുകയായിരുന്നു. ചെളിയിൽ കുളിച്ച അനിൽകുമാർ ബസിനെ പിന്തുടർന്ന് ഡ്രൈവറെ സമീപിച്ചെങ്കിലും ഡ്രൈവർ പരുഷമായി പെരുമാറി. തുടർന്നാണ് അരൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |