കണ്ണൂർ: യു.ഡി.എഫ് തരംഗത്തിനിടയിലും കണ്ണൂർ ജില്ലയിലെ ഇടതു കോട്ടകൾ പിടിച്ചുനിന്നതിൽ മുന്നണിക്ക് ആശ്വാസം. എ.ഡി.എം നവീൻ ബാബുവിന്റെ മരണവും പി.പി ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളും പിടിച്ചുലച്ച ഇടതുപക്ഷത്തിന് അടിത്തട്ടിൽ വലിയ ഇളക്കമുണ്ടായില്ല. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഈ ജില്ലയിൽ, നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് മേധാവിത്വം നിലനിർത്തി. എന്നാൽ കോർപ്പറേഷനിൽ നിലം തൊടാനായില്ല.
കണ്ണൂരിലെ എട്ട് നഗരസഭകളിൽ (മട്ടന്നൂർ ഒഴികെ) എൽ.ഡി.എഫ് അഞ്ചിടത്തും യു.ഡി.എഫ് മൂന്നിടത്തും വിജയിച്ചു. ഇത് കഴിഞ്ഞ തവണത്തെ സ്ഥിതിക്ക് സമാനമാണ്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ആന്തൂരിൽ 29 വാർഡുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. 2015ൽ നഗരസഭയായ ആന്തൂർ, പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും ചുവന്നു നിൽക്കുന്നു. രൂപവത്കരണകാലം മുതൽ എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിൽ ഇത്തവണയും 46 വാർഡുകളിൽ 36 എണ്ണവും എൽ.ഡി.എഫ് നേടി. എന്നാൽ ഇവിടെ ഞെട്ടിക്കുന്ന സംഭവവികാസമുണ്ടായി. പാർട്ടി തീരുമാനിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരേ മത്സരിച്ച കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖ് 400ലേറെ വോട്ടുകൾക്ക് വിജയിച്ചു.
ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകളിൽ 18 എണ്ണം എൽ.ഡി.എഫ് നേടി. വോട്ടിംഗ് നില പരിശോധിക്കുമ്പോൾ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് 2020ൽ 1,98,600 വോട്ടിന്റെ മേൽക്കൈ ഉണ്ടായിരുന്നു. ഇക്കുറി അത് 1,14,245 ആയി. യു.ഡി.എഫിന് ഏഴ് ഡിവിഷനുകളിൽ മാത്രമേ ജയം നേടാനായുള്ളൂ. മൊത്തം വോട്ടെണ്ണത്തിൽ എൽ.ഡി.എഫിന് 5,77,386 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫിന് 4,63,141 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത് ജില്ലയിൽ ഇടതുമുന്നണിയുടെ ശക്തമായ സാന്നിദ്ധ്യം തെളിയിക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
കതിരൂർ ഡിവിഷനിൽ എ.കെ ശോഭ 18,317 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചത് ഏറ്റവും വലിയ വിജയമായി രേഖപ്പെടുത്തിയപ്പോൾ, പരിയാരം ഡിവിഷനിൽ പി. രവീന്ദ്രൻ 498 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തോടെയാണ് വിജയം സ്വന്തമാക്കിയത്. പാട്യം ഡിവിഷനിൽ ഷബ്ന 14,679 വോട്ടുകൾക്കും, കരിവെള്ളൂരിൽ ലേജു ജയദേവൻ 11,850 വോട്ടുകൾക്കും എൽ.ഡി.എഫിന് വേണ്ടി വിജയിച്ചത് ശ്രദ്ധേയമാണ്. പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി, കല്ല്യാശ്ശേരി തുടങ്ങിയ പരമ്പരാഗത ഇടതുമുന്നണി കോട്ടകളിലെല്ലാം എൽ.ഡി.എഫ് നിർണായക ഭൂരിപക്ഷത്തോടെ വിജയിച്ചു.
യു.ഡി.എഫിന്റെ സുപ്രധാന വിജയങ്ങളിൽ പയ്യാവൂരിൽ ജോർജ് ജോസഫ് (13,160 വോട്ട്), നടുവിലിൽ ജോജി വർഗീസ് വട്ടോളി (11,266 വോട്ട്), മാട്ടൂലിൽ എസ്.കെ.പി സക്കറിയ (11,556 വോട്ട്) എന്നിവ ഉൾപ്പെടുന്നു.
തലശ്ശേരിയിൽ രണ്ടാമതെത്തി കോൺഗ്രസ്
53 വാർഡുകളിൽ 32 എണ്ണം നേടി തലശ്ശേരിയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. എന്നാൽ കഴിഞ്ഞ തവണത്തെ 37 സീറ്റുകളിൽ നിന്ന് കുറവുണ്ടായി. ശ്രദ്ധേയമായ മാറ്റം രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ എൻ.ഡി.എയെ പിന്തള്ളി യു.ഡി.എഫ് 13 വാർഡുകളിൽ വിജയിച്ചു. എൻ.ഡി.എ ആറ് സീറ്റുകളിലൊതുങ്ങി.
കൂത്തുപറമ്പ് 29 വാർഡുകളിൽ 24 എണ്ണവും നേടി എൽ.ഡി.എഫ് കുത്തക തുടർന്നു. തുടർച്ചയായി എല്ലാ തിരഞ്ഞെടുപ്പിലും കൂത്തുപറമ്പിൽ പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം പേരിന് മാത്രം. ഇരിട്ടി 34 വാർഡുകളിൽ 16 എണ്ണം നേടി എൽ.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫിലെ മൂന്ന് മുസ്ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നടത്തിയത്.
ഇളകാതെ യു.ഡി.എഫ് കോട്ടകൾ
പാനൂർ, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് എന്നിവിടങ്ങളിൽ യു.ഡി.എഫ് അധികാരം നിലനിർത്തി. പാനൂരിൽ 41 വാർഡുകളിൽ 23 എണ്ണവും, ശ്രീകണ്ഠാപുരത്ത് 31ൽ 18ഉം, തളിപ്പറമ്പിൽ 35ൽ 17ഉം യു.ഡി.എഫ് നേടി.
പഞ്ചായത്തുകളിൽ കടന്നുകയറി യു.ഡി.എഫ്.
കഴിഞ്ഞ തവണ 57 പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ജയിച്ചിരുന്നു. 11 ഇടത്തും സമ്പൂർണ മേധാവിത്വത്തോടെ.
ഇത്തവണ എട്ട് പഞ്ചായത്തുകൾ എൽ.ഡി.എഫിന് നഷ്ടമായെങ്കിലും, ഗ്രാമീണ മേഖലകളിലെ ഇടതിന്റെ കരുത്ത് തുടരുന്നു. ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ഏരുവേശ്ശി, ഉളിക്കൽ, ഇരിക്കൂർ, കൊട്ടിയൂർ തുടങ്ങിയ പഞ്ചായത്തുകൾ യു.ഡി.എഫിലേക്ക് മാറി.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടും എൽ.ഡി.എഫ് നേടി. പേരാവൂർ, തളിപ്പറമ്പ് എന്നിവ യു.ഡി.എഫ് പിടിച്ചെടുത്തു. എടക്കാട് സമനിലയിലായി. 20 വർഷമായി എൽ.ഡി.എഫ് ഭരിച്ച പേരാവൂർ ബ്ലോക്ക് യു.ഡി.എഫിലേക്ക് മാറിയത് ശ്രദ്ധേയം. രൂപവത്കരിച്ചതു മുതൽ എൽ.ഡി.എഫ് ഭരിച്ച തളിപ്പറമ്പ് ബ്ലോക്കും ആദ്യമായി യു.ഡി.എഫ് പിടിച്ചു. എന്നാൽ കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയ ഇരിട്ടി ബ്ലോക്ക് ഇത്തവണ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു.
കോർപ്പറേഷനിൽ കൂടുതൽ ശക്തമായി യു.ഡി.എഫ്
എൽ.ഡി.എഫിന്റെ ഏറ്റവും വലിയ തിരിച്ചടി കോർപ്പറേഷനിലായിരുന്നു. 56 ഡിവിഷനുകളിൽ 36 എണ്ണം നേടി യു.ഡി.എഫ് സീറ്റുകൾ വർദ്ധിപ്പിച്ച് അധികാരം നിലനിർത്തി. കഴിഞ്ഞ തവണ 55 ഡിവിഷനുകളിൽ 34 ആയിരുന്നു യു.ഡി.എഫിന്.
എൽ.ഡി.എഫ് 15 സീറ്റിൽ ഒതുങ്ങി. ഈ 15ൽ സി.പി.എം. മാത്രമാണുള്ളത്. ഘടകകക്ഷികൾ ആരും ചിത്രത്തിലില്ല.
നിയമസഭാ മണ്ഡല സൂചന
കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ 9 എണ്ണം എൽ.ഡി.എഫിന്റെ കൈയിലാണ്. ഇരിക്കൂർ, പേരാവൂർ എന്നിവ മാത്രം യു.ഡി.എഫിലും.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്താൽ, കണ്ണൂർ മണ്ഡലം യു.ഡി.എഫിലേക്ക് മാറാനുള്ള സാദ്ധ്യത കാണുന്നു. അഴീക്കോട് നേരിയ ലീഡ് മാത്രമാണ് എൽ.ഡി.എഫിന്. ഇരിക്കൂറിൽ യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |