പയ്യന്നൂരിൽ ബോംബേറും തീവെപ്പും
ഗാന്ധി പ്രതിമ തകർത്തു
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപക രാഷ്ട്രീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സി.പി.എം പ്രവർത്തകർ വടിവാളും സ്‌ഫോടക വസ്തുക്കളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിട്ടു. യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾക്കും ഓഫീസുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.
തളിപ്പറമ്പ് നഗരസഭ കൂവോട് തുരുത്തിയിൽ യു.ഡി.എഫ് സ്ഥാനാർഥി മറിയംബി ജാഫറിന് പിന്തുണ നൽകിയ അഴീക്കോട് റഫീക്കിന്റെ വീടിനു നേരെ കഴിഞ്ഞ രാത്രി ഇരുപതോളം പേർ കല്ലേറ് നടത്തി. വീടിന്റെ മേൽക്കൂര മേഞ്ഞ മെറ്റൽ ഷീറ്റും അടുക്കള ജനൽ പാളികളും തകർന്നു.
പയ്യന്നൂർ നഗരസഭയിൽ മത്സരിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പി.കെ സുരേഷിന്റെ കാനായിലെ വീടിന് നേരെ കഴിഞ്ഞ രാത്രി പതിനൊന്നരയോടെ ഓട്ടോറിക്ഷയിൽ എത്തിയ സംഘം നാലു തവണ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. രാഷ്ട്രീയ വിരോധത്തിലുള്ള ആക്രമണമാണെന്ന് കാട്ടി സുരേഷ് പൊലീസിൽ പരാതി നൽകി.
പയ്യന്നൂർ നഗരസഭയിലെ 44ാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും വിജയാഘോഷത്തിനിടെ തകർക്കപ്പെട്ടു. അക്രമികൾ ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പയ്യന്നൂർ രാമന്തളിയിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള മഹാത്മ മന്ദിരത്തിന്റെ മുന്നിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മൂക്ക് അടിച്ചുതകർത്തു. ഉളിക്കൽ മണിപ്പാറയിലും സി.പി.എം - കോൺഗ്രസ് സംഘർഷമുണ്ടായി.
ബി.ജെ.പി നേതാവിന്റെ വീടിനുമുന്നിൽ റീത്ത്
ബി.ജെ.പി പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി ഒ.വി. വിജേഷിന്റെ വീട്ട് വരാന്തയിൽ റീത്ത്. ഇന്നലെ രാവിലെയാണ് വീട്ടുകാർ റീത്ത് കണ്ടതെന്ന് നേതാക്കൾ പറഞ്ഞു. പനക്കീൽ ബാലകൃഷ്ണൻ, രവീന്ദ്രൻ ചിറ്റടി, ടി.പി. കൃഷ്ണൻ, കെ. ബിജു, കെ.വി. അനിൽകുമാർ, കെ. വിനോദ്, സുജിത്ത് കുമാർ, അഭിലാഷ് തുടങ്ങിയവർ വീട് സന്ദർശിച്ചു. പൊലീസിൽ പരാതി നൽകി.
പാനൂരിലെ ആക്രമണം
50 പേർക്കെതിരെ കേസ്
പാനൂർ പാറാട്ടിൽ സി.പി.എം പ്രവർത്തകർ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്‌ഫോടക വസ്തുക്കൾ എറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ അദ്ധ്യാപകനായ ആനന്ദ് എന്നയാളടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് വാഹനം തകർത്തതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ സമ്പൂർണ്ണ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്‌ഫോടക വസ്തുക്കൾ എറിയുന്നതും വടിവാളുമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അക്രമങ്ങൾക്ക് രക്ഷാപ്രവർത്തന സർട്ടിഫിക്കറ്റ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയനാണ് അതിക്രമത്തിന് പിന്നിൽ. കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരവും യു.ഡി.എഫ് തരംഗവും എൽ.ഡി.എഫ് പ്രവർത്തകരെ എത്രമാത്രം ഉലയ്ക്കുന്നു എന്നതിന്റെ തെളിവാണ് ഈ അക്രമങ്ങൾ.
മാർട്ടിൻ ജോർജ്ജ്, ഡി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |