
കണ്ണൂർ: സൂപ്പർ ലീഗ് കേരള സീസൺ രണ്ടിന്റെ ഫൈനലിന് ഇന്ന് വൈകുന്നേരം ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പന്തുരുളുന്നതിന്റെ ആവേശത്തിലാണ് കണ്ണൂരിലെ ഫുട്ബാൾ പ്രമികൾ. ഒരുകാലത്ത് വിശ്രുതമായ ടൂർണമെന്റുകളിലൂടെയും മികച്ച ക്ലബ്ബുകളിലൂടെയും രാജ്യത്ത് തന്നെ പ്രശസ്തമായ നാട്ടിലേക്ക് ഫുട്ബാൾ തിരിച്ചുവരുന്നതിന്റെ ആവേശം കൂടിയാണിത്.
കണ്ണൂർ വാരിയേഴ്സ് എഫ്.സിയും തൃശൂർ മാജിക് എഫ്.സിയും തമ്മിൽ നടക്കുന്ന ഫൈനൽ കണ്ണൂരിന്റെ ഫുട്ബാൾ പാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയായാണ് കായിക പ്രേമികൾ കാണുന്നത്. സംസ്ഥാനത്ത് ലൈവ് ഫുട്‌ബോൾ സംസ്‌കാരം ശക്തമായി തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളായിരുന്നു സൂപ്പർലീഗിലെ കഴിഞ്ഞ രണ്ട് സെമിഫൈനലുകളും. നാൽപതിനായിരത്തിലധികം കാണികളാണ് സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തിയത്. കോഴിക്കോടും തൃശൂരും സെമിഫൈനലുകളിൽ സൃഷ്ടിച്ച ആവേശത്തോട് അതെ ആവേശത്തിലാണ് ഗാലറി പ്രതികരിച്ചത്. സംസ്ഥാനത്ത് ഫുട്‌ബോൾ സംസ്‌കാരത്തിന്റെ ശക്തമായ തിരിച്ചുവരവിനെയാണ് നിറഞ്ഞ ഗാലറികൾ സൂചിപ്പിക്കുന്നതെന്ന് സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്റ്റേഡിയത്തിന് പുറത്തും ലീഗിന്റെ അഭൂതപൂർവമായ സ്വീകാര്യത ലഭിച്ചു. സ്‌പോർട്സ് ഡോട്ട് കോം വഴി മാത്രം 11.6 ലക്ഷത്തിലധികം പേർ തത്സമയം മത്സരങ്ങൾ കണ്ടു. സോണി, ദൂരദർശൻ, ഇത്തിസലാത്ത് വിഷൻ എന്നീ ചാനലുകളിലൂടെയുള്ള സംപ്രേക്ഷണവും മുൻ റെക്കോർഡുകളെല്ലാം ഭേദിക്കുന്നതായി.
ഫൈനലോടെ സൂപ്പർ ലീഗ് കേരള ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ നാഴികക്കല്ലുകൾ സ്ഥാപിക്കുമെന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് പറഞ്ഞു.
ആസിഫലിയും കുഞ്ചാക്കോ ബോബനുമെത്തും
കളിക്ക് മേമ്പൊടിയായി കലാവിരുന്ന്
ഫൈനലിന്റെ കർട്ടൻ റൈസർ ആറുമണിയോടെ ആരംഭിക്കും. കിക്കോഫ് ഏഴരക്കാണ്. രാജ്യത്തെ പ്രമുഖ കലാകാരന്മാരെയാണ് ഫൈനലിന് മുമ്പുള്ള പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്. പ്രശസ്ത റാപ്പർ ഗബ്രി അടക്കമുള്ളവർ സംഗീത നിശയിൽ പങ്കെടുക്കും. വർണ്ണാഭമായ വെടിക്കെട്ടും ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ഗായകനും രചയിതാവുമായ അറിവ് നയിക്കുന്ന മിഡ്‌ടൈം ഷോയും ഫൈനലിന്റെ ഇടവേളയെ ആകർഷകമാക്കും. കണ്ണൂർ വാരിയേഴ്സ് എഫ്.സി സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂർ മാജിക് എഫ്.സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബൻ എന്നിവരുൾപ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങൾ, കായിക താരങ്ങൾ, രാഷ്ട്രീയ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
കളി കാണാം പതിനെണ്ണായിരം പേർക്ക്
ഫെഡറേഷൻ കപ്പ്, ഇ.കെ.നായനാർ ഇന്റർനാഷണൽ ടൂർണമെന്റ്, ശ്രീനാരായണ ട്രോഫി, സിസർസ് കപ്പ്, കേരള പ്രീമിയർ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങൾ ജവഹർ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008ൽ നടന്ന ഇ.കെ.നായനാർ ഇന്റർനാഷണൽ ട്രോഫിയിലാണ് ഫുട്‌ബോൾ മത്സരം കാണാൻ ഗ്യാലറി നിറഞ്ഞു കവിഞ്ഞത്. ഫുട്‌ബോൾ പ്രേമികൾക്ക് പുറമെ സ്ത്രീകളും കുട്ടികളും അന്ന് മത്സരങ്ങൾ കാണാനെത്തിയിരുന്നു. 2012ൽ ഒക്ടോബറിൽ മറഡോണയെ കാണാൻ അരലക്ഷം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. 35,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവിൽ ബലക്ഷയം കാരണം ഉപയോഗിക്കാൻ സാധിക്കുകയില്ല. അതിനാൽ 18,000 ത്തിലധികം പേർക്കായിരിക്കും ഫൈനൽ മത്സരം കാണാൻ സാധിക്കുക. കണ്ണൂർ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളിൽ 66,596 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്.
അഞ്ചുമണി മുതൽ പ്രവേശനം
മത്സരം കാണാനെത്തുന്നവർ ടിക്കറ്റുമായി വൈകീട്ട് അഞ്ചു മുതൽ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലായി ആണ് നേരത്തെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. ഏഴേ കാലിന് സ്റ്റേഡിയത്തിലെ ഗേറ്റുകൾ അടക്കും.ആറു മുതൽ ഫൈനലിനോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടികൾ നടക്കും.ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവർക്ക് പ്രവേശനം. വി.വി.ഐ.പി ടിക്കറ്റുള്ളവർ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന് എതിർ വശത്തെ ഒന്നാം ഗേറ്റിലൂടെയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടത്. വി.ഐ.പി ടിക്കറ്റുള്ളവർ രണ്ടാം ഗേറ്റിലൂടെയും അമൂൽ ഗ്യാലറി ടിക്കറ്റുള്ളവർ മൂന്ന്, നാല് ഗേറ്റിലൂടെയും അകത്തേക്ക് പ്രവേശിക്കണം. സ്നിക്കേഴ്സ് ഗ്യാലറി ടിക്കറ്റുള്ളവർ ആറ്, ഏഴ് ഗേറ്റിലൂടെയും ഓണേഴ്സ് ബോക്സ് ടിക്കറ്റുള്ളവർ അഞ്ചാം ഗേറ്റിലൂടെയുമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കേണ്ടത്.കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ ആരാധകർ അമുൽ ഗ്യാലറിയിലും തൃശൂർ മാജിക് എഫ്.സിയുടെ ആരാധകർ സ്നിക്കേഴ്സ് ഗ്യാലറിയിലുമായി ആണ് ഇരിക്കേണ്ടത്.
ഇവയ്ക്ക് നിരോധനം
പവർ ബാങ്ക്, സിഗരറ്റ് ലൈറ്റർ, സെൽഫി സ്റ്റിക്ക്, കോയിൻസ്, വിസിൽ, ഗ്ലാസ് കുപ്പികൾ, കുട, ഹെൽമറ്റ്, ഡി.എസ്.എൽ.ആർ ക്യാമറ, ആയുധങ്ങൾ, വളർത്തു മൃഗങ്ങൾ, ലേയ്സർ, ലഹരി ഉൽപ്പന്നങ്ങൾ, മദ്യം, വീഡിയോ ക്യാമറ, ഡ്രോൺസ്, ടിൻ ക്യാൻസ്, സംഗീത ഉപകരണങ്ങൾ, കത്തുന്ന വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, പടക്കങ്ങൾ.
പൊന്നു സിനാനേ......
മികച്ച ഫോമിൽ തുടരുന്ന മുഹമ്മദ് സിനാനാണ് കണ്ണൂർ വാരിയേഴ്സിന്റെ ശക്തി കേന്ദ്രം. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസിസ്റ്റും നേടി ഏറ്റവും അധിക ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാമതാണ് ഈ 21കാരൻ. ഹോം മത്സരങ്ങളിൽ ഏറെ വിമർശനം നേരിട്ട പ്രതിരോധനിര അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും മികവ് പുലർത്തിയതിന്റെ പ്രതീക്ഷയിലാണ് മാനേജ്മെന്റ്. സെമിയിൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ 21 ഗോൾ നേടിയ കാലിക്കറ്റ് എഫ്.സിക്ക് മുമ്പിൽ നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധ നിര കോട്ടകെട്ടുകയായിരുന്നു. എല്ലാത്തിനും അപ്പുറം മുഖ്യ പരിശീലകൻ മാനുവൽ സാഞ്ചസിന്റെ തന്ത്രങ്ങളിലും വലിയ പ്രതീക്ഷയാണ് വാരിയേഴ്സ് ആരാധകർ പുലർത്തുന്നത്.
കരുതണം 'മാജിക്കിനെ"
സൂപ്പർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് തൃശൂർ മാജിക് എഫ്സി. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു അവർ. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും അടിച്ചതും തൃശൂരാണ്. കൂടാതെ ഐ ലീഗിൽ മികച്ച താരങ്ങളിൽ ഒരാളായിരുന്നു മാർക്കസ് ജോസഫ് പരിക്ക് മാറി തിരിച്ചെത്തി ഫോം വീണ്ടെടുത്തുകഴിഞ്ഞു. സെമി ഫൈനലിൽ മലപ്പുറത്തിന് എതിരെ ഹാട്രിക്ക് ഗോളാണ് ആണ് മാർക്കസ് നേടിയത്. ലെനി റോഡ്രിഗസ് നയിക്കുന്ന മദ്ധ്യനിരയും മേഴ്സൺ ആൽവസ് നയിക്കുന്ന പ്രതിരോധ നിരയും മികച്ചതാണ്. ഗോൾ പോസ്റ്റിൽ ഇന്ത്യൻ അണ്ടർ 23 കമാലുദ്ദീനും ഉജ്വലഫോമിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |