
മാഹി: മയ്യഴിയുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ശ്രീനിവാസൻ.മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദന് സ്വന്തം കുടുംബാംഗം തന്നെയായിരുന്നു.എഴുത്തുകാരനും വായനക്കാരനുമെന്ന നിലയിലായിരുന്നു തുടക്കം.
ദശകങ്ങൾക്കിടയിൽ പലവട്ടം ശ്രീനിവാസൻ മുകുന്ദന്റെ മണിയമ്പത്ത് തറവാട്ടിലെത്തിയിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയും മുകുന്ദന്റെ ഭാര്യ ശ്രീജയും തമ്മിലും ഉറ്റബന്ധമായിരുന്നു.
ഒരു വേള യാദൃശ്ചികമായി മൂകാംബികയിൽ വച്ച് അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ കണ്ടുമുട്ടിയപ്പോൾ കുശലം പറഞ്ഞ മുഹൂർത്തം ഇതെ സിനിമയുടെ തുടക്കത്തിൽ ചേർത്തത് കണ്ടപ്പോൾ കൗതുകം തോന്നിയെന്ന് എം. മുകുന്ദൻ ഓർത്തെടുക്കുന്നു.
എം.മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഇ.എം.അഷ്റഫ് സംവിധാനം ചെയ്ത അന്തർദ്ദേശീയപുരസ്ക്കാരങ്ങൾ നേടിയ ബോൺ ഴൂർ മാഹെ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം മയ്യഴിയിൽ വച്ച് സ്വുച്ച് ഓൺ ചെയ്തത് ശ്രീനിവാസനായിരുന്നു.
ആദ്യ മയ്യഴി മഹോത്സവവേദിയിൽ ഉദ്ഘാടന ചടങ്ങിൽ വർത്തമാനകാല രാഷ്ട്രീയം സ്വതസിദ്ധമായ സർക്കാസത്തിലൂടെ പറഞ്ഞപ്പോൾ സദസും വേദിയും പൊട്ടിച്ചിരിയിലമരുകയായിരുന്നു.സൂപ്പർഹിറ്റായ
ഫ്രണ്ട്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനടക്കം പുതുച്ചേരിയിലെത്തിയപ്പോഴെല്ലാം ശ്രീനിവാസന് മുഴുവൻ സഹായങ്ങളും ചെയ്ത് കൊടുത്തത് അന്നത്തെ മന്ത്രിയായിരുന്ന മയ്യഴിക്കാരൻ സുഹൃത്ത് ഇ.വത്സരാജായിരുന്നു.കേരളകൗമുദി റീഡേർസ് ക്ലബിന്റെ ഉദ്ഘാടന ചടങ്ങിൽ പൊന്നാട അണിയിച്ചപ്പോൾ ഇതിൽ പൊന്നുണ്ടോയെന്ന ശ്രീനിവാസന്റെ ചോദ്യവും മയ്യഴിയെ ചിരിപ്പിച്ച അനുഭവങ്ങളിലൊന്നാണ്.
മലയാള കലാഗ്രാമത്തിന്റെ പ്രവർത്തനത്തിൽ ഏറെ മതിപ്പുണ്ടായിരുന്ന അദ്ദേഹം ചിത്രകല ആചാര്യൻ എം.വി.ദേവനെയും സന്ദർശിച്ചിട്ടുണ്ട്.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ 35 വയസ്സ് പിന്നിട്ട സമയത്ത് മയ്യഴി നഗരസഭ എം.മുകുന്ദന് ജനകീയ സ്വീകരണത്തിൽ പങ്കെടുക്കാൻ അടൂർ ഗോപാലകൃഷ്ണനൊപ്പം ശ്രീനിവാസനും എത്തിയിരുന്നു.2013ൽ മാഹി നാടക പുരയുടെ നാടകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതും മറ്റാരുമായിരുന്നില്ല.പ്രശസ്ത ജലച്ഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലം വരച്ച ശ്രീനിവാസന്റെ പോർട്രെയിറ്റ് അന്ന് നാടക പ്രവർത്തകൻ ടി.ടി.മോഹനനാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
മയ്യഴിയിലെത്തുമ്പോഴൊക്കെ ശ്രീനിവാസൻ താമസിച്ചിരുന്നത് നാരങ്ങോളി ജയരാമന്റെ വീട്ടിലായിരുന്നു. ചിന്താവിഷ്ടയായ ശ്യാമളയുടെ അണിയറ പ്രവർത്തനങ്ങളിലും ഷൂട്ടിങ്ങ് ലൊക്കേഷനിലുമൊക്കെ മയ്യഴിക്കാരനായ മാജിദ് കാസറ്റ്സ് ഉടമ പോത്തിലോട്ട് നാസറുമുണ്ടായിരുന്നു. മയ്യഴിയിലെത്തുമ്പോഴൊക്കെ സാംസ്ക്കാരിക പ്രവർത്തകനായ സജിത്ത് നാരായണനും കൂടെയുണ്ടാകും.ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ ധർമ്മടം പാലത്തിനടുത്ത് ആദ്യ കണ്ണിയായ ചരിത്രവും ശ്രീനിവാസനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |