
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവിസങ്കേതത്തിലെസ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി തിരിച്ചയക്കാനുള്ള "ഓപ്പറേഷൻ ആറളം ഫാം-ഗജമുക്തിയുടെ അടുത്ത ഘട്ടം ഇന്ന് ആരംഭിക്കും. വനം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രണ്ടുദിവസത്തെ തീവ്രമായ ഡ്രൈവിംഗ് ഓപ്പറേഷനാണ് ഇന്നും നാളെയുമായി നടക്കുന്നത്. വിപുലമായ സന്നാഹങ്ങളോടെ സർവസജ്ജമായാണ് ഇത്തവണത്തെയും ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.വനം വകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്. ഒ.പി )) പ്രകാരമാണ് ദൗത്യം നടപ്പിലാക്കുന്നത്.
അത്യാധുനിക ഡ്രോണുകളും ക്യാമറ ട്രാപ്പുകളും ഉപയോഗിച്ച് ഫാം ഏരിയയിലെ ആനക്കൂട്ടങ്ങളെയും ഒറ്റയാനകളെയും കണ്ടെത്തും.കൊട്ടിയൂർ റേഞ്ച് ഓഫീസറും ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനും ഇൻസിഡന്റ് കമാൻഡർമാരായി പ്രവർത്തിക്കും. രണ്ട് പ്രത്യേക ഡ്രൈവിംഗ് ടീമുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
ആനകളെ കണ്ടെത്താൻ ഡ്രോൺ;ക്യാമറ ട്രാപ്പ്
ദൗത്യത്തിൽ ഡ്രോണുകളും ക്യാമറ ട്രാപ്പുകളും ഉപയോഗിച്ച് ആനകളുടെ സ്ഥാനം കൃത്യമായി നിരീക്ഷിച്ചായിരിക്കും ഡ്രൈവിംഗ് ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, ആറളം ഫാം കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം മുന്നോട്ട് പോകുന്നത്. പുനരധിവാസ മേഖലയിലെ താമസക്കാർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും ബോധവത്ക്കരണം നൽകാനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആനകൾ തിരിച്ചെത്താൻ സാദ്ധ്യതയുള്ള പൂക്കുണ്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ദൗത്യത്തിന് ശേഷം രാത്രികാല പട്രോളിംഗും ശക്തമാക്കും. സബ് കളക്ടർ ചെയർമാനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.
പത്തിന് ശേഷം ഗതാഗതനിയന്ത്രണം
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി രാവിലെ 10ന് ശേഷം ആരംഭിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി പാലപ്പുഴ, ഓടന്തോട് പാലം, ഓടന്തോട് സ്കൂൾ ജംഗ്ഷൻ, ബ്ലോക്ക് 6 ചെക്ക് പോസ്റ്റ്, തളിപ്പാറ ജംഗ്ഷൻ, ബ്ലോക്ക് 13 ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊലീസ് ഗതാഗതം നിയന്ത്രിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |