SignIn
Kerala Kaumudi Online
Tuesday, 23 December 2025 4.20 AM IST

കണ്ണൂരിൽ ഈവർഷം എലിപ്പനി കവർന്നത് 21 ജീവനുകൾ

Increase Font Size Decrease Font Size Print Page
eli

കണ്ണൂർ: ജില്ലയിൽ ഈവർഷം ഇതുവരെ എലിപ്പനി ബാധിച്ച് മരണപ്പെട്ടത് 21 പേർ. 250 പേർ രോഗം ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.

ഓരോവർഷം കൂടുമ്പോഴും ജില്ലയിൽ എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വർദ്ധനവുണ്ടാകുകയാണ്. എലിപ്പനിക്ക് ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണവും മരണങ്ങളും കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. ജില്ലയിൽ പേരാവൂർ, ഇരിട്ടി, മുഴക്കുന്ന്, കൊട്ടിയൂർ, ചപ്പാരപ്പടവ്, നടുവിൽ തുടങ്ങിയ മലയോര മേഖലകളിലാണ് എലിപ്പനി കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ കോർപറേഷൻ പരിധിയിൽ പുഴാതി, അഴീക്കോട്, എളയാവൂർ, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലും എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം 290 പേർക്കും 2023ൽ 150 പേർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

സർക്കാരിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 11 മാസത്തിനിടെ 5000 ലധികം പോരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 356 പേർ മരണപ്പെട്ടു.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ മൂലം മരണപ്പെടുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടയിൽ ഡെങ്കിപ്പനി, ചിക്കൻപോക്സ്, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികൾ ബാധിച്ച് മരണപ്പെട്ടത് 1411 പേരാണ്. മഞ്ഞപ്പിത്തം (ഹെപ്പറ്റെറ്റിസ് എ), ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഓരോ വർഷവുമുണ്ടാകുന്നത്.

4 വർഷം 10,521 എലിപ്പനിബാധിതർ

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാലുവർഷത്തിനിടയിൽ സംസ്ഥാനത്ത് 10,521 പേർക്കാണ് എലിപ്പനി ബാധിച്ചത്. 2021 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള സർക്കാരിന്റെ കണക്കാണിത്. 37,138 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. വയറിളക്കരോഗങ്ങൾ ബാധിച്ച് 17,62,594 പേരും മഞ്ഞപ്പിത്തം (ഹെപ്പറ്റെറ്റിസ് എ) ബാധിച്ച് 11,297 പേരും മലേറിയ ബാധിച്ച് 2341 പേരും ചിക്കൻപോക്സ് ബാധിച്ച് 72,303 പേരും വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.


എലിപ്പനി ലക്ഷണങ്ങൾ

മണ്ണിലും എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലേപ്റ്റോ സ്‌പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശക്തമായ തലവേദനയോടും ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും ലക്ഷണങ്ങൾ. പ്രാരംഭഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണമായും രോഗമുക്തി നേടാം. മലിനവെള്ളവുമായോ വൃത്തിഹീനമായ സാഹചര്യങ്ങളിലോ ഇടപഴകാത്ത കിടപ്പുരോഗികൾക്കും ഈവർഷം എലിപ്പനി ബാധിച്ചിട്ടുണ്ട്.


കൈവിടരുത് ജാഗ്രത

1. മലിനജലത്തിൽ ഇറങ്ങുന്നവരടക്കം ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദ്ദേശത്തിൽ കഴിക്കണം. ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും ഡോക്സിസൈക്ലിൻ കഴിക്കാം.


2. മലിനജലത്തിൽ ഇറങ്ങുന്നവരും വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി നോക്കുന്നവരും ഷൂസും കൈയുറയും ധരിച്ചാൽ എലിപ്പനി പ്രതിരോധിക്കാം


3. നനഞ്ഞ മണ്ണിൽ ചെരുപ്പിടാതെ നടക്കരുത്. കാലിലെ വിണ്ടുകീറലുകൾ, ചെറിയ മുറിവുകൾ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.