
പേരാവൂർ: പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. പുത്തലം ചാലിക്കുന്നിൽ റബർ ടാപ്പിംഗിനെത്തിയ കോളയാട് പുന്നപ്പാലത്തെ പാണ്ടിമാക്കൽ ബിജുവാണ് പുലിയെ കണ്ട് പേടിച്ചോടി വീണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 5.30 ഓടെ ബിജു ടാപ്പിംഗിനായി തോട്ടത്തിലേക്ക് വരുമ്പോഴാണ് സംഭവം.
നായയെ പിന്തുടർന്നെത്തിയ പുലി റോഡിന്റെ ഒരു വശത്തെ തിട്ടയിൽ നിന്നും മറുവശത്തെ തിട്ടയിലേക്ക് തന്റെ തലയുടെ മുകളിൽ കൂടി ചാടുകയായിരുന്നെന്ന് ബിജു പറയുന്നു. പേടിച്ച് വിറച്ച് ഓടുന്നതിനിടെ വീണ് പരിക്കേറ്റ ഇദ്ദേഹം ഒരുവിധത്തിൽ പ്രദേശവാസിയായ ബാബുവിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.
മുമ്പ് ഈ മേഖലയിൽ പുലിയെക്കണ്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നുവെങ്കിലും അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല. പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപൂച്ചയായിരിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കുനിത്തല വായന്നൂർ റോഡിൽ മണ്ഡപത്തിന് സമീപം പാതി ഭക്ഷിച്ച നിലയിൽ തെരുവുനായയുടെ ജഢം കണ്ടെത്തിയിരുന്നു. ഭീഷണിയെ തുടർന്ന് വളരെ വൈകിയാണ് തൊഴിലാളികൾ റബർ ടാപ്പിംഗിന് പോയിരുന്നത്. ഇന്നലെ വീണ്ടും പുലിയെ കണ്ടെന്ന് ടാപ്പിംഗ് തൊഴിലാളിയായ ബിജു പറഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |