
മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള മുസ്ലിം ലീഗ് പ്രതിനിധിക്ക് വോട്ട് ചെയ്യാനായില്ല
കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്ക് നിശ്ചിത സമയത്ത് എത്താതിരുന്ന മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള മുസ്ലിം ലീഗ് പ്രതിനിധി ഇർഫാന ഇക്ബാലിന് വോട്ടുചെയ്യാനായില്ല. രാവിലെ പത്തരക്ക് യോഗഹാളിൽ പ്രവേശിക്കണമെന്നായിരുന്നു വരണാധികാരിയായ ജില്ലാ കളക്ടറുടെ അറിയിപ്പ്. ഹാളിന്റെ വാതിൽ അടച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇർഫാന എത്തിയത്. തുടർന്ന് വരണാധികാരിയായ ജില്ലാകളക്ടർ കെ.ഇമ്പശേഖറുമായി ബന്ധപ്പെട്ടെങ്കിലും അകത്തുകടക്കാൻ അനുമതി ലഭിച്ചില്ല.
വോട്ടുചെയ്യാൻ സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കി. അത്യന്തം നാടകീയമായ സംഭവവികാസങ്ങളാണ് ജില്ലാപഞ്ചായത്തിൽ ഉണ്ടായത്. കൃത്യം പത്തരക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങുമെന്നായിരുന്നു വരണാധികാരിയായ ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നത്. എൽ.ഡി.എഫ് അംഗങ്ങൾ മുന്നണി നിർദ്ദേശ പ്രകാരം ഒമ്പതു മണിക്ക് തന്നെ ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിയിരുന്നു.യു.ഡി.എഫിലെ മറ്റ് അംഗങ്ങളും പത്തിന് മുമ്പെത്തി. വാതിൽ അടക്കുന്നതിന് മുമ്പ് അകത്ത് കടക്കാൻ കളക്ടർ അവസരം നൽകിയിരുന്നു.പത്തരയോടെ ഹാളിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടി നടപടി തുടങ്ങി. ഇതിന് ശേഷം അഞ്ച് മിനുട്ട് കഴിഞ്ഞാണ് മുസ്ലിം ലീഗ് അംഗം ഇർഫാന എത്തിയത്. തുടർന്ന് വരണാധികാരിയുമായി ബന്ധപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ റൂൾസ് പ്രകാരം അകത്തുകയറ്റാൻ നിർവ്വാഹമില്ലെന്നായിരുന്നു മറുപടി. പിന്നാലെ പ്രതിഷേധവുമായി ഇർഫാന ഇഖ്ബാൽ വാതിലിന് മുന്നിൽ നിലത്തിരുന്നു. അൽപസമയം കഴിഞ്ഞ് സ്ഥലത്തെത്തിയ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ നിരവധി തവണ വാതിലിന് തട്ടിയെങ്കിലും തുറന്നില്ല. പിന്നാലെ സ്ഥലത്തെത്തിയ എ.കെ.എം അഷ്‌റഫ് എം.എൽ.എയും കളക്ടറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വോട്ടെടുപ്പ് പൂർത്തിയാക്കി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സാബു അബ്രഹാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഹാളിന്റെ വാതിൽ തുറന്നത്. ഇതോടെ എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, വൈകിയെത്തിയ ഇർഫാന ഇഖ്ബാൽ, മുസ്ലിം ലീഗ് നേതാക്കളായ അസീസ് കുമ്പള, പി.ബി.ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ മുന്നിലേക്ക് ഇരമ്പിയെത്തി ജില്ലാകളക്ടറെ ചോദ്യം ചെയ്തു. തട്ടിക്കയറുന്നതിനിടയിൽ കളക്ടർ എം.എൽ.എമാരോട് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ വായിച്ചുകേൾപ്പിച്ചു. കളക്ടർ അനുനയപൂർവം സംസാരിച്ചെങ്കിലും യു.ഡി.എഫ് നേതാക്കൾ സംയമനം പാലിക്കാൻ തയ്യാറായില്ല.
ജില്ലാകളക്ടറെ ഭീഷണിപ്പെടുത്തേണ്ടെന്ന മുന്നറിയിപ്പുമായി ഇതിനിടയിൽ എൽ.ഡി.എഫ് പ്രവർത്തകർ രംഗത്തിറങ്ങയതോടെ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസ് എത്തി കളക്ടർ, എ.ഡി.എം, ജില്ലാപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് വലയം തീർത്തു. സാബു അബ്രാഹാം സത്യപ്രതിജ്ഞ ചെയ്തതോടെ യു.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.കളക്ടർക്കെതിരെ ഗോ ബാക്ക് വിളി തുടരുന്നതിനിടയിലായിരുന്നു സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. ജില്ലാകളക്ടർ ഹാളിൽ നിന്ന് പുറത്തിറങ്ങുമ്പോഴും യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പൊലീസ് ഇടപെട്ടാണ് കളക്ടർക്ക് വഴിയൊരുക്കിയത്.
ഗതാഗതകുരുക്ക് മൂലമെന്ന് മെമ്പർ
വിദ്യാനഗറിൽ ഉണ്ടായ ഗതാഗതകുരുക്ക് കാരണമാണ് ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്താൻ വൈകിയതെന്നായിരുന്നു മഞ്ചേശ്വരം ഡിവിഷൻ അംഗം ഇർഫാന ഇക്ബാലിന്റെ വിശദീകരണം.വൈകിയത് മനഃപൂർവ്വമല്ലെന്നും ഇർഫാനയും ഭർത്താവ് കെ.എസ്.ഇഖ്ബാലും പറഞ്ഞു
വ്യവസ്ഥകൾ പാലിച്ചെന്ന് കളക്ടർ
കാസർകോട്: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചാണ് നടത്തിയതെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ വാർത്ത കുറിപ്പിൽ അറിയിച്ചു.മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ 2026 ഡിസംബർ 27ന്കൃത്യം 10.30ന് ആരംഭിച്ചു. മഞ്ചേശ്വരംഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗം ആ സമയം യോഗത്തിൽ ഹാജരായിരുന്നില്ല. വൈകി എത്തിയതിനാലാണ് അംഗത്തിന് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതെന്നും കളക്ടർ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |