
കണ്ണൂർ: കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ബിനോയ് കുര്യനും വൈസ് പ്രസിഡന്റായി ടി.ഷബ്നയും ചുമതലയേറ്റു. പെരളശ്ശേരി ഡിവിഷനിൽ നിന്നുള്ള അംഗമായ അഡ്വ.ബിനോയ് കുര്യൻ യു.ഡി.എഫിലെ ജോർജ് ജോസഫിനെ ഏഴിനെതിരെ 18 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പാട്യം ഡിവിഷനിൽ നിന്നുള്ള ടി. ഷബ്ന എതിരാളികളില്ലാതെയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.യു.ഡി.എഫിന് ജില്ലാപഞ്ചായത്തിൽ വനിതാ അംഗങ്ങളില്ലാത്തതിനാൽ മത്സരമുണ്ടായില്ല.
വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ.വിജയൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിനോയ് കുര്യന് കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുതിയ പ്രസിഡന്റിനെ അനുമോദിച്ചു. ഡോ.വി.ശിവദാസൻ എം.പി, ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, കെ.സി.സി.പി.എൽ ചെയർമാൻ ടി.വി.രാജേഷ്, ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ മാസ്റ്റർ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി എന്നിവരും പുതിയ പ്രസിഡന്റിനെ അനുമോദിച്ചു.
സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ജയിച്ച ഇരുവരും. ഭരണപരവും സംഘടനാപരവുമായ മേഖലയിൽ കഴിവ് തെളിയിച്ചവരെയാണ് സി.പി.എം ഭരണതലത്തിലേക്ക് പരിഗണിച്ചത്. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച ബിനോയ് കുര്യനും കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച ഷബ്നയും മികച്ച അനുഭവസമ്പത്തോടെയാണ് ജില്ലാപഞ്ചായത്ത് സാരഥ്യത്തിലെത്തുന്നത്.ജില്ലാപഞ്ചായത്തിൽ എൽ.ഡി.എഫിന് 18 സീറ്റുകളുണ്ട്. കഴിഞ്ഞ തവണ 17 ഡിവിഷനുകളിൽ വിജയം നേടിയ എൽ.ഡി.എഫ് ഇത്തവണ ഒരു സീറ്റ് കൂടി നേടി 18 ആയി ഉയർത്തി.
ബിനോയ് കുര്യൻ
സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ് 48കാരനായ ബിനോയ് കുര്യൻ.പെരളശ്ശേരി ഡിവിഷനിൽ നിന്നാണ് ഇക്കുറി ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 2005ൽ ഇരിട്ടി ഡിവിഷനിൽ നിന്നു ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന തില്ലങ്കേരി ഡിവിഷനിൽ നിന്ന് 7178 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. പരിക്കളം ശാരദാ വിലാസം എ.യു.പി സ്‌കൂൾ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.മണിക്കടവ് സെന്റ് തോമസ് ഹൈസ്‌കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജ്, തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയും കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗവുമായ കെ. ജെ. ബിൻസിയാണു ഭാര്യ. മക്കൾ: ഡോൺ, ഡിയോൺ (മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ).
ടി.ഷബ്ന
പാട്യം ഡിവിഷനിൽ നിന്നാണ് ടി. ഷബ്ന തിരഞ്ഞെടുക്കപ്പെട്ടത്. മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, സി.പി.എം പിണറായി ഏരിയ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.2005ൽ കോട്ടയം പഞ്ചായത്ത് അംഗം, 2010ൽ കൂത്തുപറമ്പ് ബ്ലോക്ക് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ, 2015ൽ കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹിസ്റ്ററി, ബികോം (കൊമേഴ്സ്) ഇരട്ട ബിരുദധാരിയായ ഷബ്ന ബാൾ ബാഡ്മിന്റൻ താരം കൂടിയാണ്. ഹമീദിയ മഹലിൽ എ.പി. ഇബ്രാഹിമിന്റെയും ടി.റുഖിയയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |