
കണ്ണൂർ: നാല് ദശാബ്ദത്തിലെ എൽ.ഡി.എഫ് ആധിപത്യം അവസാനിപ്പിച്ച് മുണ്ടേരി ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു.തിരഞ്ഞെടുപ്പിൽ ആകെയുള്ള 22 വാർഡുകളിൽ പതിനൊന്നുവീതം നേടി മുന്നണികൾ തുല്യനിലയിലെത്തിയെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജയം നേടി.
പത്തിനെതിരെ പതിനൊന്ന് വോട്ടു നേടി സി.കെ.റസീനയാണ് പ്രസിഡന്റായത്.
പടന്നോട്ട് വാർഡിൽ നിന്നുള്ള അംഗമാണ് റസീന. മുണ്ടേരിയിലെ യു.ഡി.എഫ് ജയം സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ സഹോദരഭാര്യയുമായ കെ. അനിഷ ഒൻപതാം വാർഡായ പാറോത്തുംചാലിൽ യു.ഡി.എഫിലെ അഷ്റഫിനോട് പരാജയപ്പെട്ടതും എൽ.ഡി.എഫിന് ആഘാതമായിരുന്നു.
പഞ്ചായത്തിലെ മൊത്തം വോട്ടുനിലയിലും യു.ഡി.എഫ് ബഹുദൂരം മുന്നിലാണ്. യു.ഡി.എഫ് 12,913 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫിന് 10,831 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആകെ 2,082 വോട്ടുകളുടെ വ്യത്യാസത്തിൽ യു.ഡി.എഫ് മുന്നിലെത്തി.
സി.പി.എം ജില്ലാസെക്രട്ടറിക്കെതിരെയുള്ള പ്രതിഷേധം മൂലം എൽ.ഡി.എഫ് അംഗം വോട്ട് അസാധുവാക്കിയതാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് മുൻ നേതാവ് റിജിൽ മാക്കുറ്റി രംഗത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |