
ഉദുമ: ഒരു സീറ്റിന്റെ ആധികാരിക ഭൂരിപക്ഷമുള്ള ഉദുമയിൽ പ്രസിഡന്റ് സ്ഥാനം കൈവിട്ടത് യു.ഡി.എഫിന് ഷോക്കായി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന കരിപ്പോടി വാർഡിൽ നിന്നുള്ള കോൺഗ്രസിലെ ചന്ദ്രൻ നാലാം വാതുക്കലിന് സംഭവിച്ച പിഴവാണ് യു.ഡി.എഫിനെ ആറുമാസത്തേക്കെങ്കിലും പിന്നണിയിലിരിക്കേണ്ട സ്ഥിതിയിലെത്തിച്ചത്.
ചന്ദ്രന്റെ വോട്ട് അസാധുവായതോടെ തുടർന്ന് നടന്ന വോട്ടെടുപ്പിൽ ഇരുമുന്നണികൾക്കും പത്തുവീതം വോട്ട് ലഭിച്ചു.തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് എൽ.ഡി.എഫിലെ പി.വി.രാജേന്ദ്രനെ ഭാഗ്യം തുണച്ചത്.
ഉദുമ പഞ്ചായത്തിലെ 23 അംഗ ഭരണ സമിതിയിൽ യു.ഡി.എഫിന് പന്ത്രണ്ടും എൽഡിഎഫിന് പതിനൊന്നും അംഗങ്ങളാണ് ഉള്ളത് .ഇന്നലെ രാവിലെ പത്തരയോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാക്കി റിട്ടേണിംഗ് ഓഫിസർ സുധീഷ്‌കുമാറിന്റെ മേൽനോട്ടത്തിൽ ബാലറ്റുകൾ പരിശോധിച്ചപ്പോഴാണ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായി കണ്ടെത്തിയത്. ബാലറ്റ് പേപ്പറിന് പിറകിൽ ഒപ്പിടാതിരിക്കുന്നതാണ് കാരണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് പി.വി.രാജേന്ദ്രന്റെ പേര് മുൻപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മിയാണ് നിർദ്ദേശിച്ചത്. മുതിയക്കാൽ വാർഡിൽ നിന്നുള്ള സി കെ.അശോകൻ പിൻതാങ്ങി. സി.പി.എം ഉദുമ ഏരിയ കമ്മിറ്റിയംഗവും എൻഎഫ്പിഇ മുൻ ദേശീയ പ്രസിഡന്റുമാണ് പി വി രാജേന്ദ്രൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |