
കണ്ണൂർ: ഓരോ പരാജയത്തിൽ നിന്നും പാഠം പഠിച്ച് നിശ്ചയദാർഢ്യത്തോടെ മുന്നേറിയ യുവാവിന് മുന്നിൽ സ്വപ്നം വഴിതുറന്നു. നാലുതവണത്തെ ശ്രമത്തിൽ 172ാം റാങ്ക് നേടി കണ്ണൂർ പള്ളിക്കുന്ന് രാമതെരുവിലെ ഓംകാർ വീട്ടിലെ നിധിൻ പ്രദീപാണ് സിവിൽ സർവീസ് പരീക്ഷയിലൂടെ ജില്ലയ്ക്ക് അഭിമാനം പകർന്നത്.
കണ്ണൂർ ഭാരതീയ വിദ്യാഭവനിൽ പ്ലസ് ടു വരെ പഠിച്ച നിധിൻ കൊമേഴ്സിൽ ഉന്നത വിജയം നേടിയ ശേഷം ഐ.ഐ.ടി മദ്രാസിൽ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ബിരുദം കരസ്ഥമാക്കി. ബിരുദാനന്തരം കർണാടകയിലെ പ്രശസ്ത സന്നദ്ധ സ്ഥാപനമായ ദേശ്പാണ്ഡേ ഫൗണ്ടേഷനിൽ രണ്ടു വർഷത്തോളം പ്രവർത്തി പരിചയം നേടി.
2021 മുതൽ സിവിൽ സർവീസ് പരീക്ഷ എഴുതിത്തുടങ്ങിയ നിധിൻ ആദ്യ രണ്ടു ശ്രമങ്ങളിൽ ഔപചാരിക പരിശീലനം നേടിയിരുന്നില്ല.പിന്നീട് തിരുവനന്തപുരത്തെ ഒരു സ്വകാര്യ സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു.അങ്ങനെ നാലാമത്തെ ശ്രമത്തിൽ മികച്ച റാങ്കോടെ നേട്ടം സ്വന്തമാക്കി.
പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസും ഐച്ഛിക വിഷയങ്ങളായി തിരഞ്ഞെടുത്ത നിധിൻ ഇന്ത്യൻ റവന്യൂ സർവീസിൽ ചേരാനാണ് ആഗ്രഹിക്കുന്നത്.
കണ്ണൂർ കോടതിയിലെ അഭിഭാഷകനായ വി.പി. പ്രദീപിന്റെയും സുനിതയുടെയും പുത്രനായ നിധിന്റെ വിജയം കുടുംബത്തിന് ഇരട്ട അഭിമാനം നൽകുന്നതാണ്. സഹോദരി സുപ്രിയ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |