കണ്ണൂർ: ജില്ലയിൽ പാചകവാതക ക്ഷാമം ഗുരുതരമായതോടെ ഹോട്ടലുകളും ബേക്കറികളും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇൻഡേൻ എന്നീ പൊതുമേഖലാ കമ്പനികൾ വഴിയുള്ള ഏജൻസികൾക്ക് ദിവസങ്ങളായി വാണിജ്യ സിലിണ്ടർ സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയാണ്.
ജില്ലയിൽ പ്രതിദിനം ആയിരത്തോളം വാണിജ്യ സിലിണ്ടറുകളാണ് വിവിധ ഏജൻസികൾ മുഖേന സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ലോഡ് എത്തുന്നില്ലെന്നും ലഭിച്ചാൽ തന്നെ ഹോട്ടലുകൾക്കും ബേക്കറികൾക്കും നൽകരുതെന്ന് കർശന നിർദ്ദേശമുണ്ടെന്നും നഗരത്തിലെ ഗ്യാസ് ഏജൻസി ഉടമ വ്യക്തമാക്കി. ആശുപത്രി, മിലിട്ടറി, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് കമ്പനികൾ ഏജൻസി ഉടമകൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ എൽ.പി.ജി വില ഉയരുന്നതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. മംഗലാപുരത്തു നിന്ന് ലോഡ് കൊണ്ടുവരുന്ന സ്വകാര്യ ഏജൻസികൾ ഇപ്പോഴും വിതരണം തുടരുന്നതാണ് ഏക ആശ്വാസമെങ്കിലും കാലതാമസം ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്.
ഗാർഹിക ഉപഭോക്താക്കൾക്ക് ഇതുവരെ നേരിട്ടുള്ള ദുരിതം ആരംഭിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ വിതരണം തടസ്സപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനോടകം ചില നിയന്ത്രണങ്ങൾ ഗാർഹിക മേഖലയിലും നടപ്പാക്കിക്കഴിഞ്ഞു സിലിണ്ടർ ലഭിച്ച് 25 ദിവസം പൂർത്തിയായ ശേഷം മാത്രമേ അടുത്ത ബുക്കിംഗ് സ്വീകരിക്കൂ. ഫോൺ ബുക്കിംഗിനും ഇതേ കാലതാമസം ബാധകമാണ്.
ഉടൻ ഇടപെടലും ക്ഷാമം പരിഹരിക്കലും ഉണ്ടായില്ലെങ്കിൽ ഭക്ഷ്യ, ഹോട്ടൽ മേഖലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |