തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് മൂന്നുനില കെട്ടിടത്തിനു മുകളിൽ അശാസ്ത്രീയമായി നിർമ്മിച്ച കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണെങ്കിലും വൻദുരന്തം ഒഴിവായി. കാനറ ബാങ്കിനു മുകളിലത്തെ നിലയിൽ കോൺക്രീറ്റ് തൂണുകളിൽ സ്ഥാപിച്ച ഏതാണ്ട് 30,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ ഒരു വശമാണ് പൊട്ടിത്തകർന്നത്.
വൻ ശബ്ദത്തോടെ തകർന്ന ടാങ്കിലെ വെള്ളവും കട്ടകളും മുകളിലെ പാരപ്പറ്റും തകർത്ത് റോഡിന് എതിർവശമുള്ള കെട്ടിടം വരെ തെറിച്ചു വീണു. വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും ഒഴുക്കിൽ എതിർവശത്തെ ടെക്സ്റ്റയിൽസിന്റെ നെയിം ബോർഡും ഡോർ ഗ്ലാസും തകർന്നു. അതോടൊപ്പം വൈദ്യുതി ലൈനും പൊട്ടി നിലംപതിച്ചു.
ഈ സമയം റോഡിലൂടെ പോകുകയായിരുന്ന കാർ യാത്രികനും കാൽനടയാത്രക്കാരും തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയാണിത്. അവധി ദിവസമായതും അതിരാവിലെ നടന്നതിനാലുമാണ് വൻ ദുരന്തമൊഴിവായത്.
വൻ സംഭരണശേഷിയുള്ള വലിയ ടാങ്ക് യാതൊരു സുരക്ഷിതത്വവുമില്ലാതെ സിമന്റ് കട്ടകൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ചതും വീണ്ടും ഉയരം കൂട്ടിയതുമാണ് തകരാൻ കാരണമെന്ന് പറയുന്നു. ഫയർ സേഫ്റ്റി സംവിധാനങ്ങൾക്കായി നിർമ്മിച്ചതാണ് ടാങ്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |