കൊല്ലം: വേലിയേറ്റം മൺറോത്തുരുത്തിന്റെ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന തീവ്രത ലഘൂകരിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തിയുള്ള മാസ്റ്റർ പ്ലാനുമായി ടൗൺ പ്ലാനിംഗ് വിഭാഗം.
ഭൂവിനിയോഗം അടിസ്ഥാനമാക്കി വിശദമായ പഠനം നടത്തി 20 വർഷം മുന്നിൽ കണ്ടാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. നിരന്തര വേലിയേറ്റം നേരിടുന്ന പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉയർന്ന പ്രദേശങ്ങളിലേക്ക് ജനജീവിതം മാറ്റുകയാണ് മാസ്റ്റർ പ്ലാനിന്റെ പ്രധാന ലക്ഷ്യം.
വേലിയേറ്റ ഭീഷണി നേരിടുന്ന പ്രദേശങ്ങൾ ടൂറിസത്തിനായി പ്രയോജനപ്പെടുത്തി പ്രദേശവാസികൾക്ക് വരുമാന സാദ്ധ്യത ഉറപ്പാക്കണമെന്ന് മാസ്റ്റർ പ്ലാനിൽ പറയുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞുപോകാൻ സന്നദ്ധരായവരെ മാറ്റിപ്പാർപ്പിക്കണം. ബാക്കിയുള്ളവർക്ക് തുടരാം. പക്ഷെ ഭാരം കൂടിയ തരത്തിലുള്ള ഗാർഹിതേര നിർമ്മാണങ്ങൾ അനുവദിക്കില്ല. വേലിയേറ്രത്തെയും ഇടിഞ്ഞുതാഴലിനെയും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഏറ്റവും നൂതനമായ മാർഗങ്ങൾ ഉപയോഗിച്ച് ഭാരം കുറഞ്ഞ തരത്തിലേ വീടുകളുടെ പുനർനിർമ്മാണം അനുവദിക്കാവൂയെന്നും കരട് മാസ്റ്റർ പ്ലാനിൽ പറയുന്നു.
തുരുത്തിലെ തന്നെ വിവിധ പ്രദേശങ്ങളിൽ നടത്താവുന്ന വിവിധ കൃഷികൾ, ഇവ വിജയകരമാക്കാൻ ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യകൾ, പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് ഏറ്രെടുക്കാവുന്ന മത്സ്യക്കൃഷി, ഫാം അടക്കമുള്ള വിവിധ ഉപജീവന മാർഗങ്ങൾ തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
കരട് മാസ്റ്റർ പ്ലാൻ സ്പെഷ്യൽ കമ്മിറ്രിയിൽ
കരട് മാസ്റ്റർ പ്ലാൻ പഞ്ചായത്ത് തല സ്പെഷ്യൽ കമ്മിറ്രിക്ക് കൈമാറി
സ്പെഷ്യൽ കമ്മിറ്റി പരിശോധിച്ച് ഭേദഗതി സഹിതം പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറും
പഞ്ചായത്ത് ഭരണസമിതി ഭേദഗതികളോടെ സർക്കാരിന്റെ അംഗീകാരത്തിന് കൈമാറും
സർക്കാർ അംഗീകാരം ലഭിച്ചാൽ മാസ്റ്റർ പ്ലാൻ മൺറോത്തുരുത്തിന്റെ മാർഗരേഖയാകും
ഈ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലേ എല്ലാ പ്രവൃത്തികൾക്കും അനുമതി ലഭിക്കൂ
ജനവാസ മേഖലയായി രേഖപ്പെടുത്തിയിട്ടുള്ളിടത്ത് മാത്രമേ പുതിയ വീട് നിർമ്മിക്കാൻ അനുമതി ലഭിക്കൂ
മൺറോത്തുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങൾ ഒഴിഞ്ഞുപോയി. ഈ ഭാഗങ്ങൾക്ക് വലിയ ടൂറിസം പ്രാധാന്യമുണ്ട്. ഇത് തുരുത്ത് നിവാസികൾക്ക് വരുമാന മാർഗവുമാകും. ജനങ്ങൾ സ്വയം ഒഴിഞ്ഞുപോകുന്നതിനാൽ നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ല. മൺറോത്തുരുത്തിന് സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന മറ്റ് പ്രദേശങ്ങളുടെ അതിജീവന മാതൃക കൂടി പരിശോധിച്ചാണ് ജനവാസം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്രുകയെന്ന ആശയത്തിലേക്ക് എത്തിയത്.
എം.വി.ഷാരി, ജില്ലാ ടൗൺ പ്ലാനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |