കൊല്ലം: വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ കുടിവെള്ള ക്ഷാമം നേരിടാൻ വാട്ടർ അതോറിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു. നിലവിലെ പദ്ധതികൾ പൂർത്തിയാകാൻ കാലതാമസമെടുക്കുമെന്നതിനാൽ താത്കാലിക ക്രമീകരണങ്ങൾ ഒരുക്കുകയാണ് വാട്ടർ അതോറിറ്റിയുടെ ലക്ഷ്യം.
സർക്കാർ നിർദേശത്തെ തുടർന്ന് അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികളാണ് നടന്നുവരുന്നത്. കിണറുകളിലെ ചെളി നീക്കി ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിനൊപ്പം തകരാറിലായ കുഴൽ കിണറുകൾ നന്നാക്കുന്ന ജോലികളും ആരംഭിച്ചു. കുഴൽ കിണറുകളിൽ പുതിയ പമ്പും മോട്ടോറുകളും സ്ഥാപിക്കുന്നുണ്ട്. നിലവിലുള്ള പൈപ്പുകകൾ ദീർഘിപ്പിക്കാനുള്ള നടപടിയും തുടങ്ങി.
കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പമ്പിംഗ് സമയം പുനഃക്രമീകരിക്കും. തകർന്ന പൈപ്പുകളിലൂടെ വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ അറ്റകുറ്റപ്പണി തുടങ്ങി. തടയണകൾ ബലപ്പെടുത്തി വെള്ളം കെട്ടിനിറുത്താനുള്ള ജോലികളും പുരോഗമിക്കുകയാണ്.
കുടിവെള്ളം ദുരുപയോഗം ചെയ്താൽ പിഴ ഈടാക്കും. കുടിവെള്ള മോഷണം തടയാൻ സ്ക്വാഡുകളും രൂപീകരിച്ചു. വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും പങ്കുചേരും.
ലഭിക്കുന്നത് മൂന്നിലൊന്ന് മാത്രം
കൊല്ലം കോർപ്പറേഷനിൽ മാത്രം 67 എം.എൽ.ഡി വെള്ളമാണ് ഒരുദിവസം വേണ്ടത്. എന്നാൽ ലഭ്യമാകുന്നത് 25 എം.എൽ.ഡി മാത്രമാണ്. ശാസ്താംകോട്ട പദ്ധതിയിൽ നിന്ന് 14 എം.എൽ.ഡിയും ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് നാലും 35 കുഴൽ കിണറുകളിൽ നിന്നായി ഏഴും എം.എൽ.ഡി വെള്ളമാണ് നഗരത്തിൽ ലഭ്യമാകുന്നത്.
ഞാങ്കടവ് പദ്ധതി നീളുന്നു
നഗരത്തിലെ വർദ്ധിച്ച കുടിവെള്ള ആവശ്യം പരിഹരിക്കാൻ ആരംഭിച്ച ഞാങ്കടവ് കുടിവെള്ള പദ്ധതി അനിശ്ചിതമായി നീളുകയാണ്. പദ്ധതിയുടെ പ്രധാന ജോലികൾ പൂർത്തിയായെങ്കിലും ദേശീയപാതയിൽ ഒരു കിലോമീറ്റർ ദൂരത്ത് പൈപ്പ് സ്ഥാപിക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ പുരോഗമിക്കുന്നതേയുള്ളു. മോട്ടോർ സ്ഥാപിച്ചാലും ദേശീയപാതയിൽ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാകാതെ പദ്ധതി കമ്മിഷൻ ചെയ്യാനാകില്ല.
മറ്റ് പദ്ധതികൾ പ്രാരംഭഘട്ടത്തിൽ
ഗ്രാമീണ മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പദ്ധതിയിട്ട കുന്നത്തൂർ - പോരുവഴി, തൃക്കരുവ, മൺറോത്തുരുത്ത്, പനയം, പെരിനാട് പദ്ധതികളും പ്രാരംഭ ഘട്ടത്തിൽ തന്നെ നിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |