സാമ്പത്തികാനുമതി 114 കോടി
കൊല്ലം: ജില്ലാ ആശുപത്രി ഹൈടെക്കാക്കുന്ന പദ്ധതിക്ക് ഇന്നലെ ചേർന്ന കിഫ്ബി യോഗം 114 കോടിയുടെ സാമ്പത്തികാനുമതി നൽകി. നിലവിൽ മോർച്ചറി, ബ്ലഡ് എന്നിവ പ്രവർത്തിക്കുന്ന ഭാഗത്ത് ഐ.പി, ഒ.പി, ഓപ്പറേഷൻ തീയേറ്റർ, ഓഫീസ് എന്നിവയ്ക്കായി 10 നിലകളുള്ള വാർഡ് ടവർ, നിലവിൽ സി.ടി സ്കാനിംഗ് നടക്കുന്ന കെട്ടിടത്തിന് മുന്നിൽ കാഷ്വാലിറ്റിയുമായി ബന്ധിപ്പിച്ച് വിവിധ പരിശോധന സംവിധാനങ്ങൾ ഒരുമിച്ച് ക്രമീകരിക്കാൻ എട്ട് നിലകളുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്, മോർച്ചറി, മെഡിക്കൽ റിപ്പോർട്ട് ലൈബ്രറി, മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങിയവ അടങ്ങിയ മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക് എന്നിവയാണ് പുതുതായി നിർമ്മിക്കുന്നത്.
ജെറിയാട്രിക് വാർഡും തൊട്ടടുത്തുള്ള കെട്ടിടവും നവീകരിച്ച് മറ്റ് സംവിധാനങ്ങൾക്ക് പ്രയോജനപ്പെടുത്തും. പുതിയ നിർമ്മാണം വരുന്ന ഭാഗത്ത് നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. 4.85 ഏക്കർ സ്ഥലത്ത് 235000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ നിർമ്മാണം. നിലവിലുള്ള കിടക്കകൾക്ക് പുറമേ 208 കിടക്കകൾ അധികമായി സജ്ജമാക്കും. 400 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം കൂടി ഉണ്ടാകും. ഇനി സാങ്കേതിക അനുമതി കൂടി ലഭിച്ച ശേഷം ടെണ്ടറിലേക്ക് കടക്കും. മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർഫോഴ്സ് തുടങ്ങിയവയിൽ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതിയെ കൂടുതൽ നോവിക്കില്ല
കാര്യമായ പാരിസ്ഥിതികാഘാതം ഉണ്ടാകാത്ത തരത്തിൽ ഗൃഹ ത്രീ സ്റ്റാർ റേറ്റിംഗ് പ്രകാരം പരിഷ്കരിച്ച രൂപരേഖയിലാണ് ജില്ലാ ആശുപത്രിയിലെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ. ഗൃഹ റേറ്റിംഗ് പ്രകാരം രൂപരേഖ പരിഷ്കരിച്ചതിനാൽ പദ്ധതി ചെലവും വലിയ നിലയിൽ ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |