ചവറ: തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സൗമ്യനായ ചെറുപ്പക്കാരനെ കുറിച്ച് നാട്ടുകാർക്ക് നല്ല വാക്കുകൾ മാത്രം. പഠനത്തിലും മിടുക്കനായിരുന്ന പരിചയക്കാരോടെല്ലാം സൗമ്യമായ് ഇടപെട്ടിരുന്ന ചെറുപ്പക്കാരൻ ഇത്തരത്തിൽ അതിദാരുണമായ ഒരു ക്രൂരകൃത്യം നടത്തി ഒടുവിൽ ട്രെയിനിന് മുന്നിൽച്ചാടി ജീവിതം അവസാനിപ്പിച്ചത് നാട്ടുകാക്കും വിശ്വസിക്കാനായിട്ടില്ല.
നാട്ടിലെ സൗഹൃദങ്ങൾ പരിമിതമാണെങ്കിലും തേജസ് രാജിനെക്കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം പറയാനുള്ളത് നല്ല കാര്യങ്ങൾ മാത്രം. കൊല്ലം ഡി.സി.ആർ.ബിയിലെ ഗ്രേഡ് എസ്.ഐയായ അച്ഛനെപ്പോലെ പൊലീസ് ആകണമെന്നായിരുന്നു കുട്ടിക്കാലം മുതൽക്കേയുള്ള ആഗ്രഹം. എപ്പോഴും കൂട്ടുകാരോട് താൻ പൊലീസാകും എന്ന് തേജസ് പറയാറുണ്ടായിരുന്നു. ഒഴിവ് സമയങ്ങളിലെല്ലാം കായികമായി ശരീരത്തെ മെരുക്കിയെടുക്കാനും ശ്രമിച്ചിരുന്നു. നീണ്ടകരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പെരുമൺ എൻജിനിയറിംഗ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി എത്രയും വേഗം പൊലീസാകാൻ അത്രമേൽ ആഗ്രഹത്തോടെ പരീക്ഷയെ നേരിട്ടെങ്കിലും സിവിൽ പൊലീസ് ഓഫീസർ ടെസ്റ്റിൽ എഴുത്തുപരീക്ഷ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു. ഇതിനിടെ സമ്മതം അറിയിച്ചിരുന്ന പെൺകുട്ടിയും ബന്ധുക്കളും വിവാഹം വേണ്ടെന്ന് വെച്ചതോടെ ഇയാൾ മാനസിക പിരിമുറുക്കത്തിലായിരുന്നതായും അടുത്ത ബന്ധുക്കൾ പറയുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം തേജസ് രാജിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചോടെ നീണ്ടകര പരിമണത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |