കൊല്ലം: ചിന്നക്കടയിലെ ക്ലോക്ക് ടവറിന് സമീപം നിർമ്മാണം നിലച്ച കോർപ്പറേഷൻ അമിനിറ്റി സെന്റർ കെട്ടിടം 'ടേക്ക് എ ബ്രേക്ക്' ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. അമിനിറ്റി സെന്റർ കെട്ടിടം 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിലേക്ക് മാറ്റുന്നതിന് അംഗീകാരം ലഭിക്കുകയും തുടർന്ന് കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. 15 ലക്ഷം രൂപയാണ് നിലവിൽ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ബസ് സ്റ്റോപ്പിലെത്തുന്ന യാത്രക്കാർക്കായി വിശ്രമകേന്ദ്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അമിനിറ്റി സെന്റർ നിർമ്മാണം ആരംഭിച്ചത്.
2018ൽ നിർമ്മാണം ആരംഭിച്ചെങ്കിലും ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒന്നാം നിലയുടെ കോൺക്രീറ്റിംഗ് കഴിഞ്ഞതോടെ 2019ൽ നിർമ്മാണം നിലച്ചു. ഇളവ് അനുവദിക്കണമെന്ന് തദ്ദേശ അഡീഷണൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ദേശീയപാത അതോറ്റിയുടെ അനുമതിയും പദ്ധതിക്ക് ഉണ്ടായിരുന്നില്ല. തുടർന്നാണ് 'ടേക്ക് എ ബ്രേക്ക്' ആക്കി മാറ്റാൻ തീരുമാനിച്ചത്.
കെട്ടിടം മാലിന്യ നിക്ഷേപ കേന്ദ്രം
നിർമ്മാണം നിലച്ച കെട്ടിടവും പരിസരവും ഇപ്പോൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ വ്യാപകമായി തള്ളുന്നത്. മേൽപ്പാലത്തിന് മുകളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്.
ടേക്ക് എ ബ്രേക്ക് സെന്ററിന്റെ കരാർ ഏറ്റെടുത്തിട്ടുണ്ട്. അടിയന്തരമായി നിർമ്മാണം ആരംഭിക്കും.
ഹണി ബഞ്ചമിൻ, മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |