
ഇടുക്കി: 104 വയസുള്ള ആന്റണി വർക്കി പൗവ്വത്ത് എന്ന അപ്പച്ചൻ തളരാതെ നടന്നു കയറുകയാണ് വോട്ട് എന്ന വലിയ ഉത്തരവാദിത്വം നിറവേറ്റാൻ. പ്രായം തളർത്താത്ത ആവേശത്തോടെ വോട്ട് ചെയ്ത് മടങ്ങുന്ന അപ്പച്ചൻ 90 ലധികം കുടുംബാംഗങ്ങൾ ഉള്ള ഒരു വലിയ കുടുംബത്തിന്റെ കാരണവരാണ്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓർമ്മിപ്പിച്ചാണ് കേരളത്തിലെ ഏറ്റവും പ്രായമുള്ള ദമ്പതിമാരിൽ ഒരാളായ അപ്പച്ചൻ മടങ്ങിയത്. വാഴവര നാങ്കുതൊട്ടി എന്ന ഗ്രാമത്തിലെ പൗവ്വത്ത് എന്ന കുടുംബത്തിന്റെ നെടുംതൂണാണ് ആന്റണി വർക്കി. ഇരട്ടയാർ പഞ്ചായത്ത് പത്താം വാർഡിലെ വോട്ടറായ അപ്പച്ചൻ ശാന്തിഗ്രാമം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളെന്ന കീർത്തിയും ആന്റണി വർക്കി പൗവ്വത്തിനും 99 വയസുകാരിയായ ഭാര്യ ക്ലാരമ്മയ്ക്കും സ്വന്തമാണ്. നടക്കാൻ വയ്യാത്തതിനാൽ ക്ലാരമ്മയ്ക്ക് വോട്ട് രേഖപ്പെടുത്താൻ എത്താൻ കഴിഞ്ഞില്ല. 13-ാം വയസുമുതൽ പൊതുപ്രവർത്തന രംഗത്തുള്ള അപ്പച്ചൻ കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പ് മുതലിങ്ങോട്ടുള്ള എല്ലാ വോട്ടുകളും ചെയ്തിട്ടുണ്ടെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കോട്ടയം ജില്ലയിൽ നിന്ന് ഹൈറേഞ്ചിലേക്ക് പറിച്ചു നട്ടപ്പോൾ ആന്റണി മികച്ച കർഷകനും ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകനുമായിരുന്നു. സ്വാതന്ത്ര സമര പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി കർഷക സമരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ഇരട്ടയാർ പഞ്ചായത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ചു. ഇരട്ടയാർ സഹകരണബാങ്ക്, നെടുങ്കണ്ടം ഭൂപണയ ബാങ്ക് എന്നിവയുടെ ബോർഡ് മെമ്പറായും ഇരട്ടയാർ, വാഴവര തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങളിലും ആന്റണി വർക്കിയുടെ കരങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |