കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം അടുത്ത മാസം ഉദ്ഘാടനം ചെയ്യും. ഒ.എൻ.വി കുറുപ്പ് ശിലപാകിയ കെട്ടിടത്തിന് ഒന്നര പതിറ്റാണ്ടടുക്കുമ്പോഴാണ് അക്ഷരത്തിളക്കമെത്തുന്നത്. സംസ്ഥാന ലൈബ്രറി കൗൺസിലിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം.
ചതുപ്പ് നിലമായതിനാൽ നാൽപ്പത് ലക്ഷം രൂപ പൈലിംഗിന് മാത്രമായി നീക്കിവയ്ക്കേണ്ടി വന്നു. 1.30 കോടി രൂപയാണ് ഒന്നാം നിലയുടെ നിർമ്മാണ ചെലവ്. ഹാബിറ്റാറ്റിനാണ് ചുമതല. 5970 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തത്. ഇതിൽ 1990 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ആദ്യ നില. എർത്ത് ഇന്റർലോക്ക് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയിരിക്കുന്നത്.
പ്രസിഡന്റിനും സെക്രട്ടറിക്കും പ്രത്യേക ഓഫീസ് മുറികൾ, ഓഫീസ് സംവിധാനങ്ങൾക്കായി രണ്ട് മുറികൾ, ഇതിലൊന്ന് ഏഴ് കമ്പ്യൂട്ടറുകൾ വയ്ക്കാൻ കഴിയുന്ന നിലയിലുള്ളതാണ്. ഫ്രണ്ട് ഓഫീസ്, ഓഫീസ് മീറ്റിംഗുകൾ നടത്താനായി മറ്റൊരു ചെറിയ ഹാൾ, ഭിന്നശേഷി സൗഹൃദ ടൊയ്‌ലെറ്റ് ഉൾപ്പടെ മൂന്ന് ടൊയ്‌ലെറ്റുകൾ എന്നിവ താഴത്തെ നിലയിൽ ക്രമീകരിക്കും. ലൈബ്രറിയും സെമിനാർ ഹാളും അടുത്ത നില നിർമ്മിക്കുമ്പോൾ അവിടേക്ക് മാറും. എം.എൽ.എ ഫണ്ട് ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനാലാണ് ഇപ്പോൾ ഉദ്ഘാടനം നടത്തുന്നത്. നിലവിൽ പബ്ളിക് ലൈബ്രറി വളപ്പിലാണ് ലൈബ്രറി കൗൺസിൽ ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്.
നിർമ്മാണം മൂന്നുവർഷം മുമ്പ്
കോർപ്പറേഷന്റെ ഉടമസ്ഥതയിൽ കന്റോൺമെന്റ് ഡിവിഷനിലെ സി.എൻ നഗറിലെ ഒരേക്കർ ഭൂമിയിൽ പത്ത് സെന്റാണ് ജില്ലാ ലൈബ്രറി കൗൺസിലിന് നൽകിയത്. 2011ൽ ശിലപാകിയെങ്കിലും നിർമ്മാണം തുടങ്ങാനായില്ല. മൂന്ന് വർഷം മുമ്പാണ് പൈലിംഗ് നടത്തി കെട്ടിട നിർമ്മാണം ആരംഭിച്ചത്. ലൈബ്രറിയടക്കം താഴത്തെ നിലയിൽ ക്രമീകരിക്കാനായിരുന്നു പ്ളാൻ. എന്നാൽ ഇപ്പോൾ ഓഫീസുകൾ മാത്രമാണ് പ്രവർത്തിക്കുക.
ഉദ്ഘാടനം
ജൂലായ് 20ന് മുമ്പായി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. സംഘാടക സമിതി രൂപീകരണ യോഗം 28ന് വൈകിട്ട് 4ന് കടപ്പാക്കട സ്പോർട്സ് ക്ളബിൽ ചേരും.
ജില്ലാ ലൈബ്രറി കൗൺസിലിന് സ്വന്തം ആസ്ഥാനമെന്നത് വലിയ സ്വപ്നമാണ്. ഒരു നില പൂർത്തിയാക്കിയത് ജൂലായിൽ ഉദ്ഘാടനം ചെയ്യും.
കെ.ബി.മുരളീകൃഷ്ണൻ, പ്രസിഡന്റ്,
ജില്ലാ ലൈബ്രറി കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |