ക്ളാപ്പന: കോരിച്ചൊരിയുന്ന മഴയിലും പോരാളികൾ ആവേശം ചോരാതെ ഓച്ചിറ എട്ടുകണ്ടത്തിൽ ചുവടും അടവും പയറ്റി കാണികളെ ആവേശത്തിലാക്കി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്ന് ഒരു മാസത്തോളമായി വ്രതശുദ്ധിയോടെയുള്ള പരിശീലനത്തിന് ശേഷം തങ്ങളുടെ ആയോധന പാടവം പ്രകടിപ്പിക്കുന്ന ഓച്ചിറക്കളിക്ക് ആവേശകരമായ തുടക്കം.
ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെയും ക്ഷേത്രഭാരവാഹികളുടെയും നേതൃത്വത്തിൽ കരയാശാന്മാരും കളരി ആശാന്മാരും ഉൾപ്പടെ ആയിരങ്ങൾ ഋഷഭ വാഹനത്തിലുള്ള ഭഗവാന്റെ എഴുന്നെള്ളത്തിന് അകമ്പടിയായി.
നാദസ്വരം, ചെണ്ടമേളം, മുത്തുക്കുടകൾ ഉൾപ്പടെയുള്ള ഘോഷയാത്ര കിഴക്കും പടിഞ്ഞാറും ആൽത്തറകൾ ചുറ്റി മഹാലക്ഷ്മിക്കാവും ഗണപതി ആൽത്തറയും കടന്ന് എട്ടുകണ്ടത്തിൽ എത്തിയതോടെ കരക്കളി ആരംഭിച്ചു. കിഴക്കും പടിഞ്ഞാറും കരക്കളിക്ക് ശേഷം ആശാന്മാർ കരപറഞ്ഞ് കൈകൊടുത്ത് ഒന്നാം ദിവസത്തെ ചടങ്ങുകൾ അവസാനിപ്പിച്ചു. ഇന്ന് രാവിലെ 11ന് ഘോഷയാത്രയോടെ രണ്ടാം ദിവസത്തെ കളി ആരംഭിക്കും. തുടർക്ക് എട്ടുകണ്ടത്തിൽ യോദ്ധാക്കൾ ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |