കൊല്ലം: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി അഷ്ടമുടി കായലിൽ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രദേശത്തെ നിരവധി വീടുകളും കെ.എസ്.ഇ.ബി ലൈനുകളും തകർത്താണ് വാഹനം മുന്നോട്ടുപോയത്.
കുണ്ടറ പഞ്ചായത്തിലെ റോഡുകട വാർഡിൽ കഴിഞ്ഞദിവസം രാത്രിയാണ് കണ്ടെയ്നർ വാഹനം എത്തിയത്. ചെറിയ റോഡിലൂടെ കണ്ടെയ്നർ കടത്തിക്കൊണ്ടുവന്നതോടെ നിരവധി വീടുകളുടെ ഷീറ്റുകൾ, വീടുകളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ സംവിധാനം, ഇലക്ട്രിക് ലൈനുകൾ എന്നിവയ്ക്ക് നാശമുണ്ടാക്കിയാണ് മുന്നോട്ട് പോയത്. പിന്നീട് വാഹനത്തിന്റെ ടയറുകൾ പൂഴി മണ്ണിൽ താഴ്ന്നു.
എറണാകുളത്ത് നിന്ന് ഡാൽഡയുമായി പോയ വാഹനമാണിത്. ഗൂഗിൾ മാപ്പ് നോക്കിയാണ് പോക്കറ്റ് റോഡിലേക്ക് കയറിയത്. രാത്രിയായതിനാലും മഴയുണ്ടായിരുന്നതിനാലും ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിക്കുകയായിരുന്നു. തുടർന്ന് വാഹനം കായലിലേക്ക് പോകുന്ന മണ്ണിൽ പുതഞ്ഞതോടെ ആളുകൾ ഓടിക്കൂടി. ഡ്രൈവറും കൂടെയുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തമിഴ്നാട് സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നവർ. ക്രെയിൻ എത്തിച്ച് ഏറെ പണിപ്പെട്ടാണ് ലോറി പോക്കറ്റ് റോഡിൽ നിന്ന് പുറത്തെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |