കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ 'സീനിയേഴ്സ്' സെന്ററുകൾ ഈ മാസം തുറക്കും. തിരഞ്ഞെടുക്കപ്പെട്ട 26 ഗ്രന്ഥശാലകൾ വഴിയാണ് 'സീനിയേഴ്സ് സെന്റർ' പദ്ധതി നടപ്പാക്കുക. നേരത്തേതന്നെ അപേക്ഷ ക്ഷണിച്ചെങ്കിലും 20 ഗ്രന്ഥശാലകളാണ് മുന്നോട്ടുവന്നത്. അപേക്ഷ ലഭിച്ചവയുടെ പ്രാഥമിക പരിശോധനകൾ നടത്തി.
സന്നദ്ധത അറിയിച്ച ഗ്രന്ഥശാലകൾ അതാത് പ്രദേശത്തെ കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഭക്ഷണ കരാർ തയ്യാറാക്കണം. രാവിലെ ചായയും ലഘുഭക്ഷണവും ഉച്ചക്ക് ഊണ്, വൈകിട്ട് ചായയും ലഘുഭക്ഷണവും നൽകണമെന്നാണ് കരാർ. ഇതിന് തയ്യാറാകുന്ന കുടുംബശ്രീക്ക് ജില്ലാ പഞ്ചായത്ത് തുക നൽകും. പ്രാഥമിക ഘട്ടത്തിൽ ഓരോ സെന്ററിനും പത്ത് കസേരകളും മൂന്ന് കട്ടിലുകളും ചൂടുവെള്ളം വയ്ക്കാനുള്ള കെറ്റിലും ജില്ലാ പഞ്ചായത്ത് എത്തിച്ചുനൽകും. എണ്ണം പരിശോധിച്ച് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ സജ്ജമാക്കും.
ഒരു സെന്ററിൽ കുറഞ്ഞത് 10 പേരും പരമാവധി 50 പേരുമാണ് ഉണ്ടാകേണ്ടത്. എല്ലാ മാസവും മറ്റ് അവശ്യ ഘട്ടങ്ങളിലും ഹോമിയോ, ആയുർവേദ മെഡിക്കൽ സംഘം സെന്ററുകളിലെത്തി പരിശോധിക്കും. വേണ്ടുന്ന മരുന്നും നൽകും. കാരംസ്, ചെസ് കളികൾ, പത്ര വായന, ടി.വി കാണൽ, കലാ പ്രവർത്തനം, സാഹിത്യ-സാംസ്കാരിക സദസുകൾ എന്നിവയെല്ലാം സെന്ററുമായി ബന്ധപ്പെട്ട് നടത്തും. പുസ്തക വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും.
ഭക്ഷണം, വിശ്രമം, വിനോദം
പകൽവീട് സങ്കൽപ്പത്തോട് സാമ്യത തോന്നുമെങ്കിലും വൃദ്ധരെ ഗ്രന്ഥശാലകളിലെത്തിച്ച് മാനസിക ഉല്ലാസം, മെഡിക്കൽ പരിശോധനകൾ, ഭക്ഷണം, വിശ്രമം, വിനോദം എന്നിവ നൽകുകയാണ് സീനിയേഴ്സ് സെന്ററുകൾ ലക്ഷ്യമിടുന്നത്. സീനിയേഴ്സ് സെന്ററിലേക്ക് വരാനും തിരികെ പോകാനും വാഹനം കൂടി വേണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ കാഴ്ചപ്പാട്. ഇത് രണ്ടാം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം.
സീനിയേഴ്സ് സെന്റർ ഒരു മാതൃകാ പദ്ധതിയാക്കും. ഈ മാസം ഉദ്ഘാടനം ചെയ്യും. വീടുകളിൽ ഒറ്റപ്പെടലുകൾ അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാകും.
പി.കെ.ഗോപൻ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |